സാഗിനോവിലെ "പറക്കും ബിഷപ്'
Sunday, June 16, 2019 6:24 PM IST
"മുൻപ് ഞാൻ പൈലറ്റായിരുന്നു. ഇപ്പോൾ ഞാൻ വിശ്വാസപ്രഘോഷണത്തിന്റെ പൈലറ്റാണ്.' പറക്കും ബിഷപ്, പൈലറ്റ് ബിഷപ് തുടങ്ങിയ വിശേഷണങ്ങൾ ബിഷപ് ഡോ. റോബർട്ട് ഡി. ഗ്രസ് (63) തിരുത്തിപ്പറയുകയാണ്. അമേരിക്കയിലെ മിഷിഗണിൽ സാഗിനോവ് രൂപതയുടെ ബിഷപ്പായി റോബർട്ട് ഡി. ഗ്രസ് ജൂലൈ 26ന് ചുമതലയേല്‍ക്കും. ആകാശമേലാപ്പിലൂടെ നിറയെ യാത്രക്കാരുമായി വിമാനം സുരക്ഷിതമായി പറത്തിയിരുന്ന പൈലറ്റ് വൈദിക വിദ്യാർഥിയായപ്പോൾതന്നെ വാർത്തയിൽ നിറഞ്ഞിരുന്നു. കൊമേർഷ്യൽ പൈലറ്റും അറിയപ്പെടുന്ന ഏവിയേഷൻ ഇൻസ്ട്രക്ടറുമായിരുന്നു വൈദികനാകും മുന്‍പ് റോബർട്ട്.
അമേരിക്കയിലെ ടെക്സാർക്കാനയിൽ 1955 ജൂണ്‍ 25ന് ജനിച്ച റോബർട്ട് 1980ൽ കൊമേഴ്സൽ പൈലറ്റായി. തുടർന്ന് ഏവിയേഷൻ പരിശീലകനും. വിസ്കോണ്‍സിനിലെ മാഡിസണ്‍ ടെക്നിക്കൽ കോളജിലും ഒക്ലാഹോമയിലെ ടൾസയിൽ സ്പാർട്ടൻ കോളജ് ഓഫ് എയ്റോനോട്ടിക്സിലുമായിരുന്നു പഠനം.
1989ലായിരുന്നു കർത്താവിന്റെ പൗരോഹിത്യത്തിലേത്ത് ആകാശത്തുനിന്നുള്ള ദൈവത്തിന്റെ സന്ദേശം പൈലറ്റിനെ തേടിയെത്തിയത്. അങ്ങനെ കോക്പിറ്റിൽനിന്നിറങ്ങി ഡാവൻപോർട്ട് സെന്റ് അംബ്രോസ് സെമിനാരിയിൽ വൈദികവിദ്യാർഥിയായി. റോമിലെ പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളജിലും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ഉപരിപഠനം.
1994 ജൂലൈ രണ്ടിന് അയോവയിലെ ഡാവണ്പോർട്ട് രൂപതയ്ക്കു വേണ്ടി വൈദികപട്ടം സ്വീകരിച്ചു. സെമിനാരിയുടെ വൈസ് റെക്ടറായും ഫോർമേഷൻ ഡയറക്ടറായും പ്രവർത്തിക്കാനുള്ള നിയോഗവുമുണ്ടായി. ഡാവണ്‍ പോർട്ട് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ വികാരിയും രൂപതാ ചാൻസിലറുമായി സേവനമനുഷ്ഠിച്ചു. സൗത്ത് ഡെക്കോട്ടയിലെ റാപ്പിഡ് സിറ്റി രൂപതയുടെ ബിഷപ്പായി 2011ലാണ് ബനഡിക്ട് 16-ാമൻ മാർ പാപ്പ നിയമിച്ചത്.
ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഒരു ലക്ഷത്തിലേറെ കത്തോലിക്കാ വിശ്വാസികളുള്ള സാഗിനോവ് രൂപതയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നു.