തക്കസമയത്ത് "വഴിയില്ലാതായി’; ബൈക്ക് മോഷ്ടാക്കള്‍ക്ക് പിന്നീട് സംഭവിച്ചത് കാണാം
Wednesday, September 28, 2022 2:38 PM IST
നിരവധി മോഷണങ്ങളാണ് ദിവസേന ലോകത്ത് നടക്കാറുള്ളത്. ചില മോഷണ ശ്രമങ്ങള്‍ പാളി പോകുമ്പോള്‍ അത് വലിയ വാര്‍ത്തയാവുകയൊ അല്ലെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയൊ ചെയ്യാറുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഡിഎന്‍എ ഇന്ത്യ ന്യൂസ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുള്ളത്. രണ്ടുകള്ളന്മാര്‍ ഒരു ബെെക്കുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതും അത് പരാജയപ്പെട്ടതുമാണ് ദൃശ്യങ്ങളിലുള്ളത്.
ദക്ഷിണ ഡല്‍ഹിയിലെ എവറസ്റ്റ് അപ്പാര്‍ട്ടുമെന്‍റിലാണ് സംഭവം. അപ്പാര്‍ട്ട്മെന്‍റില്‍ സാധാനങ്ങള്‍ നല്‍കാനെത്തിയ ഡെലിവറി ഏജന്‍റ് തന്‍റെ ബൈക്കില്‍ താക്കോല്‍ മറന്നുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മോഷ്ടാക്കള്‍ അവസരം മുതലെടുത്ത് ബൈക്കുമായി കടക്കാന്‍ ഒരുങ്ങുകയായിരുന്നു.
തന്‍റെ ബൈക്ക് മോഷ്ടാക്കള്‍ കൊണ്ടുപോകുന്നത് കണ്ട ഏജന്‍റ് പെട്ടെന്നുതന്നെ അലറി വിളിച്ചു. മോഷണശ്രമം മനസിലാക്കിയ അപ്പാര്‍ട്ട്മെന്‍റിന്‍റെ കാവല്‍ക്കാരന്‍ പെട്ടെന്നുതന്നെ ഗേറ്റ് അടയ്ക്കാനായി ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം.
മോഷ്ടാക്കള്‍ അതിവേഗം ഗേറ്റ് കടക്കാന്‍ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബൈക്ക് ഗേറ്റില്‍ ഇടിച്ച് കള്ളന്മാര്‍ പുറത്തേക്ക് തെറിച്ചു വീഴുന്നത് അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ മോഷ്ടാക്കളില്‍ ഒരാളെ പിടികൂടി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.
ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാവല്‍ക്കാരന്‍റെ കൃത്യതയും കള്ളന്മാരുടെ ഭാഗ്യക്കേടും നിരവധി പേര്‍ കമന്‍റുകളായി അഭിപ്രായപ്പെടുന്നുണ്ട്.