കുത്തൊഴുക്കിൽപ്പെട്ട സ്ത്രീയെ ജീവനിലേക്കു കൈപിടിച്ച് ജവാൻമാർ
Tuesday, July 16, 2019 9:01 AM IST
നദിയിൽ വീണ സ്ത്രീക്കു രക്ഷകരായി സിആർപിഎഫ് ജവാൻമാർ. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ ടാംഗ്മാർഗ് ടൗണിനു സമീപമാണു സംഭവം.
ദിവസനേയുള്ള പട്രോളിംഗിന് ഇറങ്ങിയതായിരുന്നു സിആർപിഎഫ് ജവാൻമാർ. ഇതിനിടെയാണു സ്ത്രീയുടെ കരച്ചിൽ കേട്ടത്. ഓടിയെത്തിയ ജവാൻമാർ ഒരു സ്ത്രീ വെള്ളത്തിൽ ഒഴുക്കിൽപ്പെട്ടതായി കണ്ടു. ഉടൻതന്നെ നദിയിലേക്കു കുതിച്ച ജവാൻമാർ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് പാറകൾക്കിടയിലൂടെ സ്ത്രീയുടെ സമീപമെത്തി.
തുടർന്ന് രണ്ടു ജവാൻമാർ നദിയിലേക്കു ചാടി സ്ത്രീയെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മറ്റു ജവാൻമാരും നദിയിലേക്കു ചാടി മനുഷ്യചങ്ങല സൃഷ്ടിച്ചു. കുറച്ചു സമയത്തെ പരിശ്രമത്തിനുശേഷം സ്ത്രീയെ രക്ഷിക്കാൻ ജവാൻമാർക്കു കഴിഞ്ഞു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇന്ത്യയിലെ സൈനികർ എപ്പോഴും സജ്ജരാണെന്നു തെളിയിക്കുന്നതാണ് ബരാമുള്ളയിലെ സംഭവമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രശംസിക്കുന്നു.