ആരും ദയകാട്ടിയില്ല; പൂർണഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ സ്വയം "കസേര'യായി യുവാവ്
Monday, December 9, 2019 12:51 PM IST
പൂർണഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കുവാൻ കസേര ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം മുതുകിൽ ഇരുത്തി ഭർത്താവ്. ചൈനയിലാണ് സംഭവം. ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയതായിരുന്നു. ഈ സമയം നിരവധി രോഗികളും ഡോക്ടറെ കാണുവാൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
കുറെ സമയം കാത്ത് നിന്നെങ്കിലും ഡോക്ടറെ കാണുവാൻ സാധിച്ചില്ല. മാത്രമല്ല ഇവർക്ക് ഇരിക്കുവാൻ സീറ്റും ലഭിച്ചിരുന്നില്ല. കുറെ സമയം നിന്ന് തളർന്ന ഭാര്യയെ ഭർത്താവ് നിലത്തിരുന്നതിന് ശേഷം സ്വന്തം മുതുകിൽ ഇരുത്തുകയായിരുന്നു.
തറയിൽ ഇരുന്ന ഭർത്താവിന്റെ മുതുകിൽ ഭാര്യ ഇരിക്കുന്നത് അടുത്തുണ്ടായിരുന്നവർ കണ്ടുവെങ്കിലും ഇവർക്ക് കസേര നൽകുവാൻ ആരും തയാറായില്ല. ആശുപത്രിയിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയതിനെ തുടർന്ന് ഭർത്താവിനെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം തന്നെ ഈ സ്ത്രീക്ക് കസേര നൽകുവാൻ തയാറാകാതിരുന്നവർക്ക് നേരെ വിമർശനമുയരുന്നുമുണ്ട്.