ചെന്നായയ്ക്ക് പകരം നായ!; നാട്ടുകാരെ പറ്റിച്ച് മൃഗശാല അധികൃതർ
Sunday, March 7, 2021 4:47 PM IST
മൃഗശാലയിൽ പോകുന്നത് വന്യമൃഗങ്ങളെ കാണാനായിട്ടാണ്. കാട്ടിൽ മാത്രം കാണുന്ന മൃഗങ്ങളെ തൊട്ടടുത്ത് കാണുന്നത് കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും കൗതുകമാണ്. വീഡിയോയിൽ മാത്രം കണ്ടിട്ടുള്ള മൃഗങ്ങൾ തൊട്ടടുത്ത്! ആ പ്രതീക്ഷയോടെയാണ് ചൈനയിലെ സിയാങ്വുഷൻ മൃഗശാലയിൽ ഷൂ എത്തിയതും.
പക്ഷെ "ചെന്നായ' എന്ന് ബോർഡ് വച്ചിരിക്കുന്ന കൂടിന്റെ അടുത്തെത്തിയപ്പോൾ ഷൂവിന് ഒരു സംശയം. കൂട്ടിൽ കിടക്കുന്ന ചെന്നായ തന്നെയല്ലേ? സൂക്ഷിച്ചു നോക്കിയപ്പോൾ സംഗതി പിടികിട്ടി. ചെന്നായക്ക് പകരം കൂട്ടിൽ ഇട്ടിരിക്കുന്നത് നായയെയാണ്.
കൂട്ടിൽ ഒരു ചെന്നായ നേരത്തെ ഉണ്ടായിരുന്നെങ്കിലും പ്രായമായതിനെത്തുടർന്ന് അത് ചത്തു. തുടർന്നാണ് നായയെ കൂട്ടിൽ ഇട്ടത്. പാർക്ക് കാവൽക്കാരനായി വളർത്തിയ നായയെ താൽക്കാലികമായി അവിടെ സൂക്ഷിക്കുകയായിരുന്നെന്നാണ് പാർക്കിലെ ജീവനക്കാർ പറയുന്നത്.
എന്നാൽ മൃഗശാല സാന്പത്തികമായി ബുദ്ധിമുട്ടിലാണ്. സന്ദർശകരും കുറവാണ്. അതുകൊണ്ടാണ് ചത്ത ചെന്നായക്ക് പകരം പുതിയതിനെ എത്തിക്കാതെ നായയെ കൂട്ടിൽ ഇട്ടതെന്നാണ് റിപ്പോർട്ട്. ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്ബോയിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. നിരവധി ആളുകളാണ് ചിത്രം ലൈക്കും ഷെയറും ചെയ്തത്.