"ഹമ്പടാ വിരുതന്മാരെ'; നമ്മളെ ബുദ്ധിപരമായി പറ്റിക്കുന്ന കുട്ടികളെ കാണാം
Wednesday, January 4, 2023 11:56 AM IST
കുട്ടികളുടെ കുറുമ്പുകള്‍ ആസ്വദിക്കാത്തവര്‍ നന്നേ കുറവായിരിക്കും. ഈ കുരുത്തക്കേടുകള്‍ക്കൊപ്പം അല്‍പം കൗശലം കൂടിയുണ്ടെങ്കില്‍ പറയണ്ടല്ലൊ.
അത്തരത്തില്‍ തങ്ങളുടെ വിരുത് നിമിത്തം സോഷ്യല്‍ മീഡിയയെ പറ്റിച്ച രണ്ട് കുട്ടികളാണ് ഇപ്പോള്‍ താരങ്ങള്‍. തന്‍സു യെഗന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ ഒരു കുട്ടി ഒരിടത്തായി ഇരുന്ന് അല്‍പം ദൂരെയുള്ള കുപ്പിയിലേക്കായി കല്ലുകള്‍ എറിയുകയാണ്.
അത്ഭുതമെന്ന് പറയാമല്ലൊ ആ കുട്ടി എറിയുന്ന എല്ലാ കല്ലുകളും കുപ്പിയില്‍ കൃത്യമായി വീഴുകയാണ്. എന്നാല്‍ കാമറ ഒരല്‍പം മുകളിലേക്ക് ചലിക്കുമ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്.
ആദ്യത്തെ കുട്ടി കല്ലെറിയുന്നതായി വെറുതെ ആംഗ്യം കാട്ടുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു കുട്ടി മുകളില്‍നിന്നും ഈ കുപ്പിയിലേക്ക് ആ സമയത്ത് കല്ലുകള്‍ ഇടുകയാണ്. ഏതായാലും ഈ വീഡിയോ മുഴുവന്‍ കാണുന്ന ഒരാള്‍ക്കും ചിരിക്കാതിരിക്കാനാവില്ല.