ഓലയിൽ ‘താരങ്ങൾ’ വിരിയിച്ച് മുഹമ്മദ് തൻസീൽ
Thursday, February 24, 2022 3:28 PM IST
മുഹമ്മദ് തൻസീലിന് ഒരു തെങ്ങോല കിട്ടിയാൽ മതി. അതിൽ നിമിഷങ്ങൾ കൊണ്ട് ഗാന്ധിജിയും നെഹ്റുവും മുഖ്യമന്ത്രി പിണറായി വിജയനും ഫുട്ബോൾ താരങ്ങളായ മറഡോണയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും ഓസിലും സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദുൽഖറും വിജയും ടൊവിനോയുമെല്ലാം ചിത്രങ്ങളായി തെളിഞ്ഞു വരും.
ആലിലയിലും പ്ലാവിലയിലും തേക്കിലയിലുമെല്ലാം നിമിഷനേരം കൊണ്ടു ചിത്രങ്ങൾ വിരിയിക്കുന്ന പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വണ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തൻസീലിന്റ ചിത്രവിദ്യകൾ കൂട്ടുകാർക്കും നാട്ടുകാർക്കുംഅത്ഭുതമാണ്.
കോവിഡ് കാലത്ത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ലീഫ് ആർട്ടിലേക്ക് ഈ കലാപ്രതിഭയെ എത്തിച്ചത്. ഇലയിൽ മാർക്കർ പേന ഉപയോഗിച്ച് ചിത്രം വരച്ചശേഷം ബ്ലേഡുകൊണ്ടു ഇലയുടെ ഭാഗങ്ങൾ മുറിച്ചെടുത്താണ് രൂപങ്ങൾ ഒരുക്കുന്നത്. ചിത്രരചനാ പരിശീലനം നേടിയിട്ടില്ലെങ്കിലും ഇരുകൈകൾകൊണ്ടും ചിത്രം വരയ്ക്കാൻ തൻസീലിനു പ്രത്യേക വിരുതുണ്ട്. ചിരട്ടയിലും പേപ്പറിലും കലാശിൽപങ്ങളൊരുക്കാറുമുണ്ട്. തന്റെ ഈ കഴിവുകൊണ്ട് വലുതല്ലാത്ത വരുമാനവും തൻസീലിനു ലഭിക്കുന്നുണ്ട് .
ഇതിനിടെ നിരവധി പുരസ്കാരങ്ങളും യുട്യൂബർ കൂടിയായ തൻസീലിനെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ അംഗീകാരവും ലഭിച്ചു.
മങ്കട മേലോട്ടുംകാവ് പരിയംകണ്ടൻ അബ്ദുൽ മുനീറിന്റെയും സുഫൈറബാനുവിന്റെയും മകനാണ് ഈ പ്രതിഭ. മൂന്നാംക്ലാസുകാരി തമീസയും മൂന്നു വയസുകാരി തൻഹയുമാണ് സഹോദരിമാർ.