പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്.

എന്നാല്‍ കര്‍മ നിരതരും ധീരന്മാരും സത്യസന്ധരുമായ പല പോലീസുദ്യോഗസ്ഥരും ഈ രാജ്യത്തുണ്ടെന്നതാണ് വാസ്തവം. പല കാരണങ്ങളാല്‍ അവരുടെ പ്രവര്‍ത്തനം പൊതുജനം അറിയുന്നില്ലെന്ന് മാത്രം.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ ഈ അവസ്ഥയ്ക്ക് കുറച്ചൊക്കെ മാറ്റമായി. ധീരത ചെയ്താലും മോശം പ്രവര്‍ത്തി ചെയ്താലും ആളുകളറിയുമെന്ന അവസ്ഥയുണ്ടായി.

കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു കോണ്‍സ്റ്റബിള്‍ ഒരു മോഷ്ടാവിനെ സാഹസികമായി കീഴടക്കുന്നതാണുള്ളത്. ദൃശ്യങ്ങളില്‍ റോഡിലൂടെ ബൈക്കില്‍ വരുന്ന പോലീസുകാരന്‍റെ എതിര്‍ ദിശയില്‍ ബൈക്കില്‍ വരികയാണ് ഈ മോഷ്ടാവ്.

പോലീസുകാരന്‍റെ അടുത്തെിയ ഇയാള്‍ കോണ്‍സ്റ്റബിളിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബൈക്കില്‍ നിന്നും വേഗത്തില്‍ ചാടിയിറങ്ങിയ ഈ പോലീസ് കോണ്‍സ്റ്റബിള്‍ സാഹസികമായി കള്ളനെ കീഴ്പ്പെടുത്തുകയാണ്.

സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി പേര്‍ ഈ പോലീസുകാരന് ധീരതയ്ക്കുള്ള പുരസ്കാരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. ഏതായാലും ഈ മോഷ്ടാവിനെ പിടിച്ചതോടെ 11 ഓളം കേസുകള്‍ തെളിഞ്ഞതായി ഡല്‍ഹി പോലീസ് പറയുന്നു.