മിന്നലടിക്കുമോ ഇതുപോലെ....! ധോണിയുടെ അതിവേഗ സ്റ്റംപിംഗിൽ പകച്ച് ടെയ്ലർ
Saturday, January 26, 2019 3:57 PM IST
മൗണ്ട് മോണ്ഗനുയി: വിക്കറ്റിന് പുറകിൽ അമ്പരപ്പിക്കുന്ന പ്രകടനത്തിന് ഉടമയാണ് മഹേന്ദ്ര സിംഗ് ധോണി. സ്റ്റംപിംഗിന് നേരിയ അവസരം തുറന്നു കിട്ടിയാല്‍ ധോണി പാഴാക്കാറില്ല. ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ധോണിയുടെ മിന്നൽ സ്റ്റംപിംഗ് പുറത്തെടുത്തു.
കിവി താരം റോസ് ടെയ്ലറാണ് ധോണിയുടെ അതിവേഗ സ്റ്റംപിംഗിൽ പുറത്തായത്. 25 പന്തിൽ 22 റൺസുമായി ടെയ്ലർ നിലയുറപ്പിച്ചു വരവേയായിരുന്നു ധോണി മിന്നൽനീക്കം. കേദാർ ജാദവ് എറിഞ്ഞ പന്ത് ടെയ്ലറിനെ മറികടന്ന് ധോണിയുടെ കൈകളിലേക്ക്. മിന്നൽ വേഗത്തിൽ ധോണി കുറ്റിയിളക്കി.
ഇന്ത്യ ഉയർത്തിയ 325 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17 ഓവറിൽ മൂന്നിന് 100 റൺസെന്ന നിലയിൽ നിൽക്കവേയായിരുന്നു ടെയ്ലറുടെ പുറത്താകൽ. പിന്നീട് തകർന്നടിഞ്ഞ കിവീസ് 40.2 ഓവറിൽ 234 റൺസിന് കൂടാരം കയറി.