"ഡ്രൈവിംഗ് എന്ന കല'; ചെറിയ വഴിയില്‍ മറ്റൊരു വാഹനത്തിന് വഴിയൊരുക്കുന്ന കാഴ്ച
Wednesday, January 18, 2023 11:04 AM IST
ഡ്രൈവിംഗ് ഒരു കലയാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. അത് ശരിവയ്ക്കും വിധം വാഹനങ്ങള്‍ ഓടിക്കുന്ന നിരവധി പേരുണ്ടുതാനും. ഇത്തരത്തില്‍ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവയില്‍ ചിലതെങ്കിലും വെെറലായി മാറാറുമുണ്ട്.
നെക്സ്റ്റ് ലെവല്‍ സ്കില്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരു കാര്‍ ഡ്രൈവറിന്‍റെ നിപുണതയാണ് കാട്ടുന്നത്.
ദൃശ്യങ്ങളില്‍ അധികം വീഥിയില്ലാത്ത നിരത്തിലൂടെ രണ്ടുകാറുകള്‍ വരികയാണ്. എതിര്‍ ദിശയില്‍ നിന്നെത്തുന്ന ഇവയ്ക്ക് തമ്മില്‍ കടന്നു പോകാനാകുന്നില്ല. ഒരു കാര്‍ കഴിയുന്നത്ര ഒതുക്കി ഇടുകയാണ്. ആ സമയം മറ്റേ വാഹനം റോഡിന്‍റെ വശത്തെ അരമതിലിലൂടെ ഓടിച്ചു കയറ്റുകയാണ്.
കാറിന്‍റെ ഒരുവശത്തെ ടയറുകള്‍ ഉരുളുന്നത് ആ മതിലിലൂടെയാണ്. മറ്റേ കാറിനെ മറികടന്നശേഷം ഈ വാഹനം പിറകോട്ടെത്തി റോഡിലേക്കിറങ്ങുകയാണ്. അതീവശ്രദ്ധാപൂര്‍വമാണ് ഡ്രൈവര്‍ ഈ വാഹനം കൃത്യമായി അപ്പുറത്തെത്തിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ഈ ഡ്രൈവിംഗ് വൈറലായി. നിരവധി കമന്‍റുകള്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "അനുകരിച്ചാല്‍ കാര്‍ പണിയേണ്ടിവരും' എന്നാണൊരാള്‍ രസകരമായി അഭിപ്രായപ്പെട്ടിരിക്കുന്നത്.