കുഴിച്ചപ്പോൾ കിട്ടിയതെല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം
Wednesday, January 20, 2021 1:23 PM IST
ഈജിപ്തിലെ കയ്റോയിൽ 3,000 വർഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. കയ്റോയിലെ സക്കാറ പര്യവേക്ഷണ സ്ഥലത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രമുഖ ഈജിപ്റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലാണ് പര്യവേക്ഷണം നടത്തിയത്.
മരംകൊണ്ടുള്ള 50 ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ബിസി പതിനാറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ളവയാണ് ഇവയെന്നാണ് കണ്ടെത്തൽ.

ഇതിനുപുറമേ കല്ലുകൊണ്ടുള്ള ശവപ്പെട്ടി, 22 ദണ്ഡുകൾ, അഞ്ച്മീറ്റർ നീളമുള്ള മരണത്തെപ്പറ്റിപറയുന്ന പുസ്തകത്തിലെ 17ാം അധ്യായത്തിന്റെ പാപ്പിറസ് ചുരുൾ, മരംകൊണ്ടുള്ള വഞ്ചികൾ, മുഖാവരണങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പിരമിഡുകൾ, പഴയകാല ആശ്രമങ്ങൾ, മൃഗങ്ങളെ അടക്കം ചെയ്ത സ്ഥലങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട ഈ പ്രദേശം യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.