ഒരു കാലത്ത് ഈ ഭൂമിയില്‍ വെെവിധ്യമാര്‍ന്ന ജന്തുജീവജാലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ വ്യത്യയാനങ്ങളും മറ്റു പല കാരണങ്ങളും നിമിത്തം പല ജീവികളും മണ്‍മറയപ്പെട്ടു. ഇപ്പോഴും പല ജീവികളും വംശനാശത്തിന്‍റെ വക്കിലാണ്. അക്കൂട്ടത്തിലുള്ള ഒരു ജീവിയാണ് റെഡ് പാണ്ട.

എന്നാലിപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ പാരഡൈസ് വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ ഒരു റെഡ് പാണ്ടക്കുട്ടി ജനിച്ചു.

"ലിറ്റില്‍ റെഡ്’ എന്ന് പേരിട്ടിരിക്കുന്ന കുട്ടി ആരോഗ്യവാനാണെന്ന് പാരഡൈസ് വൈല്‍ഡ് ലൈഫ് പാര്‍ക്ക് മൃഗശാല അധികൃതര്‍ അറിയിച്ചു. "പ്രതീക്ഷയുടെ പ്രതീകം’ എന്നാണ് വംശനാശഭീഷണി നേരിടുന്ന ഈ പാണ്ടക്കുട്ടിയെ മൃഗസ്നേഹികള്‍ വിശേഷിപ്പിക്കുന്നത്.


ടില്ലിയാണ് ഈ പാണ്ടക്കുഞ്ഞിന്‍റെ മാതാവ്. എന്നാല്‍ ലിറ്റില്‍ റെഡിന്‍റെ പിതാവ് നം പാംഗ് ജൂണില്‍ ചത്തിരുന്നു. ടില്ലിയും നം പാംഗും അന്താരാഷ്ട്ര ബ്രീഡിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ ഒരുമിച്ചായിരുന്നു.

ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചർ റെഡ് പാണ്ടകളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ് പാണ്ടകൾ ഇനി 2,500ല്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. വനനശീകരണവും അനധികൃത വളര്‍ത്തുമൃഗങ്ങളുടെ കച്ചവടവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കാരണമാണ് ഇവ വംശനാശ ഭീഷണി നേരിടുന്നത്.