ജാപ്പനീസ് പർവതാരോഹകയ്ക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം
Sunday, September 22, 2019 3:57 PM IST
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ജാപ്പനീസ് വനിതയ്ക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ജാപ്പനീസ് വനിതയായ ജുങ്കോ താബെയുടെ 80-ാം ജന്മദിനത്തിലാണ് ഗൂഗിൾ ഡൂഡിൽ ആദരം നൽകിയത്. എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വച്ച് ഏറ്റവും ഉയർന്ന കൊടുമുടിയിൽ കയറിയ ആദ്യ വനിത എന്ന ബഹുമതിയും ജുങ്കോയുടെ പേരിലാണ്.
ഏഴ് കൊടുമുടികൾ ചാടിക്കടന്ന് പോകുന്ന ജുങ്കോയെയാണ് ഗൂഗിൾ ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്. 1939ൽ ജപ്പാനിലെ ഫുകുഷിമയിലെ മിഹാരു എന്ന സ്ഥലത്താണ് ജുങ്കോയുടെ ജനനം. പത്ത് വയസുള്ളപ്പോൾ സ്കൂളിൽ നിന്നും നാസു പർവതത്തിലേക്ക് നടത്തിയ യാത്രയ്ക്ക് ശേഷമാണ് ജുങ്കോയുടെ മനസിൽ പർവതാരോഹണം എന്ന ഇഷ്ടം മൊട്ടിട്ടത്. 1969ൽ രണ്ട് കുട്ടികളുടെ അമ്മയായതിന് ശേഷം വനിതകൾക്കുള്ള ലേഡീസ് ക്ലൈബിംഗ് ക്ലബ് ജുങ്കോ സ്ഥാപിച്ചു.

ജുങ്കോ 1975ലാണ് എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റ് കീഴടക്കിയ 36-ാമത്തെയാൾ എന്ന നിലയിൽ അറിയപ്പെടാനാണ് ജുങ്കോ ആഗ്രഹിച്ചത്. അല്ലാതെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിത എന്ന പട്ടം സ്വീകരിക്കുന്നത് അവർ ഇഷ്ടപ്പെട്ടില്ല.
തനിക്ക് ലഭിച്ച മാധ്യമശ്രദ്ധയേക്കാളും പർവതാരോഹണത്തെയാണ് ജുങ്കോ സ്നേഹിച്ചത്. അകോണ്‍കാഗ്വ, മൗണ്ട് മക്കിൻലേ, കിളിമഞ്ജാരോ കൊടുമുടി, വിൻസണ്‍ മാസ്സിഫ്, മൗണ്ട് എൽബ്രസ്, മൗണ്ട് കോഷിസ്കോ, പുൻചാക്ക് ജായ തുടങ്ങി 76 വ്യത്യസ്ത രാജ്യങ്ങളിലെ പർവതങ്ങൾക്കു മുകളിൽ ജുങ്കോ എത്തിയിരുന്നു. 2016ൽ കാൻസറിനെ തുടർന്നാണ് ജുങ്കോ അന്തരിച്ചത്.