ആനയും രണ്ടിനം പക്ഷികളും ആഗോള സംരക്ഷിത പട്ടികയിൽ
Saturday, February 22, 2020 12:04 PM IST
ഏഷ്യൻ ആനയും രണ്ടിനം പക്ഷികളും ആഗോളസംരക്ഷിത ജീവികളുടെ പട്ടികയിൽ. ദേശാടന വന്യജീവിവർഗങ്ങളുടെ സംരക്ഷണത്തിനായുള്ള കൺവൻഷന്റെ അപ്പൻഡിക്സ് ഒന്ന് എന്ന പട്ടികയിൽ ഇവയ്ക്കു സ്ഥാനം ലഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഈ കൺവൻഷനിലെ അംഗരാജ്യങ്ങളുടെ സമ്മേളനം ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ സമാപിക്കും.
വംശനാശഭീഷണി നേരിടുന്നവയാണ് ഏഷ്യൻ ആന, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ബംഗാൾ ഫ്ളോറികാൻ എന്നു സമ്മേളനം അംഗീകരിച്ചു. ഇന്ത്യയാണ് ഇവയെ പട്ടികയിൽ ഉൾപ്പെടുത്താനാവശ്യപ്പെട്ടത്.
ഇതുവഴി ഇവയുടെ ആവാസവ്യവസ്ഥയും സഞ്ചാരപഥങ്ങളും സംരക്ഷിക്കാൻ കൂടുതൽ ആഗോളസഹായം കിട്ടും. ഇവയെ വേട്ടയാടുന്നതു തടയൽ എളുപ്പമാകും.അരലക്ഷത്തിൽ താഴെ ആനകളേ ഉള്ളൂവെന്നാണു ലോകവന്യജീവിനിധി കണക്കാക്കുന്നത്. അതിൽ 60 ശതമാനവും ഇന്ത്യയിലാണ്.
ആനകൾ ഭക്ഷണത്തിനും മറ്റുമായി ഏറെഅകലേക്കു പോകാറുണ്ട്. അവയുടെ സഞ്ചാരപഥങ്ങൾ (ആനത്താര) സംരക്ഷിക്കാനുള്ള നടപടികൾ ഇനി ഊർജിതമാകും.
ആനകൾ ഉള്ള വനങ്ങളുടെ പ്രാന്തമേഖലകളിലെ കർഷകർക്കും ആനത്താരകൾ ഉള്ള പ്രദേശങ്ങളിലെ വാഹനയാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ പ്രഖ്യാപനം വഴിതെളിക്കും.
ബംഗാൾ ബസ്റ്റാർഡ് എന്നുകൂടി അറിയപ്പെടുന്നതാണു ബംഗാൾ ഫ്ളോറികാൻ (ശാസ്ത്രീയനാമം ഹ്യുബാറോപ്സിസ് ബംഗാളെൻസിസ്). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും കംബോഡിയയിലും വിയറ്റ്നാമിലുമാണ് ഈ പക്ഷികൾ ഉള്ളത്. മൊത്തം എണ്ണം ആയിരത്തിൽ താഴെ.
അർഡെയോട്ടിസ് നിഗ്രിസെപ്സ് എന്നു ശാസ്ത്രീയനാമമുള്ള ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പറക്കുന്ന പക്ഷികളിൽ ഏറ്റവും ഭാരംകൂടിയവയിൽപ്പെടുന്നു. രാജസ്ഥാനിലാണ് ഇവ കാണപ്പെടുന്നത്. വൈദ്യുത കന്പികളിൽ തട്ടിയാണ് ഇവയുടെ എണ്ണം കുറയുന്നത്. ഇപ്പോൾ 150-ൽ താഴെ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളേ ഉള്ളൂ.