ഹെനികിക്സ്: ബീയര്‍ നിറച്ച ഷൂസിന്‍റെ വിശേഷം
Saturday, August 6, 2022 11:15 AM IST
ഷൂസുകള്‍ മിക്കവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലൊ. അതിനാല്‍ത്തന്നെ പലതരത്തിലുള്ള രൂപകല്‍പനകളുമായി കമ്പനികള്‍ വിപണിയിലെത്താറുണ്ട്. എന്നാല്‍ ചിലര്‍ ഷൂസുകളുമായി വിവാദം സൃഷ്ടിക്കാറുമുണ്ട്.
ലില്‍ നാസ് എക്സിന്‍റെ സാത്താന്‍ ഷൂസ് വന്‍ വിവാദമായായിരുന്നല്ലൊ. മനുഷ്യ രക്തമാണ് ഈ ഷൂസില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോളിതാ ബിയര്‍ നിറച്ച ഷൂസുകള്‍ രംഗത്ത് എത്തുകയാണ്.
ബീയര്‍ ബ്രാന്‍ഡായ ഹെനികെയ്ന്‍ ആണ് ഇത്തരമൊരു ഷൂസിറക്കുന്നത്. ഹെനികിക്സ് എന്നാണിതിന് പേരിട്ടിരിക്കുന്നത്. പ്രമുഖ ഷൂ ഡിസൈനേഴ്സായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് കമ്പനി ഈ ഷൂസ് പുറത്തിറക്കിയത്.
ഷൂസിന്‍റെ ചിത്രങ്ങള്‍ ഹെനിക്കെയ്ന്‍ തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഹെനികെയ്ന്‍റെ ട്രേഡ് മാര്‍ക്കായ ചുവപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് ഷൂ ആലേഖനം ചെയ്തിരിക്കുന്നത്. ബീയര്‍ നിറച്ച ഭാഗം സുതാര്യമായതിനാല്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ ബീയര്‍ കാണാനാകും.
കേവലം 32 ഷൂസുകള്‍ മാത്രമാണ് കമ്പനി ഇത്തരത്തില്‍ പുറത്തിറക്കുന്നത്. അവയില്‍ ഏഴെണ്ണം ഈ വര്‍ഷം സിംഗപൂരില്‍ പ്രദര്‍ശിപ്പിക്കും. ഈ ലിമിറ്റഡ് എഡിഷന്‍ ഷൂ ഇന്ത്യ, വിയറ്റ്നാം, കൊറിയാ, തായ്‌വാന്‍, ചൈന എന്നിവിടങ്ങളിലായിരിക്കും ലഭ്യമാവുക.