അന്ന് തെരുവുനായ, ഇന്ന് ഹ്യൂണ്ടായിയിൽ സെയിൽസ്മാൻ! ട്യൂസണിന്റെ ബെസ്റ്റ് ടൈം!
Thursday, August 6, 2020 7:03 PM IST
നല്ല സമയവും മോശം സമയവും ഉണ്ടെന്ന് ആളുകൾ പറയാറുണ്ട്. സാന്പത്തിക സ്ഥിതി, ആരോഗ്യം തുടങ്ങിയ കാര്യങ്ങളാണ് "സമയം' എന്നതുകൊണ്ട് ഉദേശിക്കുന്നത്. കൊറോണ കാരണം ഇപ്പോൾ ചിലർക്ക് ആരോഗ്യപരമായും സാന്പത്തികപരമായും മോശം സമയമാണ്. ചിലർക്കാകട്ടെ സാന്പത്തികമായി നല്ല സമയവും.
എല്ലാവരും "നല്ല സമയ' ത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ബ്രസീലിൽ നിന്നുവരുന്നതും ഒരു നല്ല സമയത്തിന്റെ വാർത്തയാണ്. ഈ സമയം തെളിഞ്ഞിരിക്കുന്നത് ഒരു നായയ്ക്കാണ്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന നായയ്ക്കാണ് സെയിൽസ് ഡോഗാകാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ ഷോറൂമിന്റെ സമീപത്ത് അലഞ്ഞ് നടന്നിരുന്ന നായയാണ് ഇപ്പോള്‍ കമ്പനിയുടെ പ്രതിനിധിയായിരിക്കുന്നത്. ഹ്യുണ്ടായിയിലെ ജീവനക്കാരുമായി പെട്ടെന്ന് ഇണങ്ങിയതോടെയാണ് ഈ നായയെ ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മേയിൽ ഈ നായയ്ക്ക് ട്യൂസണ്‍ പ്രൈം എന്ന് പേര് നല്‍കുകയും ചെയ്തു. ട്യൂസണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽവൈറലായതോടെ ഹ്യുണ്ടായി കമ്പനി നേരിട്ട് ഷോറൂം പ്രതിനിധിയാക്കുകയയായിരുന്നു.
ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലുള്ള ഹ്യുണ്ടായ് ഷോറൂമില്‍ പോയി കഴിഞ്ഞാല്‍ ജോലിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡും കഴുത്തില്‍ തൂക്കി ഇരിക്കുന്ന ട്യൂസണെ കാണാം. മൂന്നു ദിവസം മുമ്പാണ് കമ്പനി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ട്യൂസണെ പരിചയപ്പെടുത്തിയത്.
"ഹ്യുണ്ടായിയുടെ പുതിയ സെയില്‍സ് ഡോഗ് ട്യൂസണ്‍ പ്രൈമിനെ പരിചയപ്പെടുത്തുന്നു. ഒരു വയസ് പ്രായമുള്ള ട്യൂസണെ ഹ്യുണ്ടായ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവന് സഹ പ്രവര്‍ത്തകരേയും ഉപഭോക്തക്കളേയും ഇപ്പോള്‍ തന്നെ കൈയിലെടുത്തു കഴിഞ്ഞു'- കമ്പനി ഇൻസ്റ്റ പേജിൽ കുറിച്ചു.
കമ്പനിയിലെ മറ്റ് ജീവനക്കാര്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുമ്പോഴും ട്യൂസണിന്റെ താമസം ഷോറൂമില്‍ തന്നെയാണ്. ട്യൂസണിന്റെ ഭക്ഷണമടക്കമുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത് ഷോറൂമിലെ ജീവനക്കാരാണ്. സംഭവം വൈറലായതോടെ ട്യൂസണിനും ഇപ്പോള്‍ സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം ഫോളോവേഴ്സ് ട്യൂസണുണ്ട്. ട്യൂസണിന്റെ ഷോറൂമിലെ താമസവും ഒഴിവുവേളകളിലെ കളികളുമൊക്കെയായി ഇൻസ്റ്റഗ്രാം പേജ് സജീവമാണ്.