പെഴ്സിവിയറൻസ് റോവർ ഇറങ്ങിയത് അറിയിച്ചത് സ്വാതി
Saturday, February 20, 2021 11:15 AM IST
നാസായുടെ പെഴ്സിവിയറൻസ് പേടകം ചൊവ്വയിൽ സുരക്ഷിതമായി ഇറക്കുന്നതിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ സ്വാതി മോഹൻ.
പെഴ്സിവിയറൻസ് റോവറും ഇൻജെന്യുവിറ്റി എന്ന ചെറുഹെലികോപ്റ്ററും അടങ്ങുന്ന പേടകത്തെ വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലൂടെ ദിശയും വേഗവും നിയന്ത്രിച്ച് ഇറക്കുകയെന്നതായിരുന്നു ഫ്ലൈറ്റ് കൺട്രോളർ സ്വാതി നേതൃത്വം നല്കിയ ടീമിന്റെ ചുമതല. പേടകം ചൊവ്വയിൽ ഇറങ്ങിയ വിവരം ആദ്യം പ്രഖ്യാപിച്ചതും സ്വാതിയാണ്.
സൗരോർജ പാനലുകൾ സൂര്യനു നേർക്കു തിരിച്ചും ആന്റിന ഭൂമിക്കു നേർക്കാക്കിയും പേടകത്തെ ഇറക്കുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് അവർ പറഞ്ഞു. ലാൻഡിംഗിന് എടുത്ത സമയത്തെ ഭീകരത നിറഞ്ഞ എഴു മിനിറ്റുകളെന്നാണ് അവർ വിശേഷിപ്പിച്ചത്.
സ്വാതിക്ക് ഒരു വയസുള്ളപ്പോഴായിരുന്നു മാതാപിതാക്കൾ യുഎസിലേക്കു കുടിയേറിയത്.
കോർണൽ യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ, ഏറോസ്പേസ് എൻജിനിയറിംഗ് ബിരുദവും മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിൽനിന്ന് ഏറോനോട്ടിക്സ്/അസ്ട്രനോട്ടിക്സിൽ പിഎച്ച്ഡിയും നേടി. നാസായുടെ കസീനി ശനിദൗത്യത്തിൽ പങ്കാളിയായിരുന്നു. 2013 മുതൽ ചൊവ്വാ ദൗത്യത്തിൽ പ്രവർത്തിക്കുന്നു.