കൃഷിയിടത്തിലെ പുതിയ അവതാരം; വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടുന്ന കർഷകരുടെ പുതിയ കൂട്ടുകാരനെ പരിചയപ്പെടാം
Saturday, November 14, 2020 2:52 PM IST
മലയോര മേഖലകളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് ഒരു നിത്യസംഭവമാണ്. ദിസങ്ങളോളവും മാസങ്ങളോളവും നീണ്ടുനിൽക്കുന്ന കർഷകന്റെ അധ്വാനത്തിന്റെ ഫലം ഒരു നിമിഷം കൊണ്ടാണ് അവ നശിപ്പിക്കുന്നത്.
ഇവരെ തുരത്താൻ പല മാർഗങ്ങളും കർഷകർ തേടാറുണ്ടെങ്കിലും പലപ്പോഴും നിയമപ്രശ്നങ്ങളിലാണ് അവ അവസാനിക്കുക. അവസാനം എല്ലാം കർഷകൻ കേസിൽ പ്രതിയുമാകും! എന്നാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് ജപ്പാൻകാർ കണ്ടുപിടിച്ചിരിക്കുകയാണ്.
ജപ്പാനിലെ വടക്കേ ദ്വീപായ ഹോക്കൈഡോയിലെ ഒരു പട്ടണത്തിലെ ശല്യക്കാർ കരടികളാണ്.കാട്ടിൽ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങള്‍ കുറഞ്ഞതോടെ പകരം ഭക്ഷണം തേടി ജനവാസകേന്ദ്രങ്ങളിലേക്ക് കരടികൾ എത്തുകയായിരുന്നു. ഇതോടെ ഇവയെ തുരത്താൻ ഇവിടെ രാക്ഷസ ചെന്നായകളെ ഇറക്കിയിരിക്കുകയാണ്.

ചുവന്ന കണ്ണുകളും ഭയപ്പെടുത്തുന്ന ശബ്ദവുമുള്ള ഒരു റോബോട്ടാണ് ഈ രാക്ഷസ ചെന്നായ. യന്ത്രച്ചെന്നായകള്‍ക്ക് 65 സെന്റിമീറ്റര്‍ നീളമുണ്ട്. യഥാര്‍ത്ഥ ചെന്നായകളെപ്പോലെ ശരീരത്തില്‍ രോമങ്ങളും കാണാം.
കൂടാതെ അവയിലെ സെന്‍സറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കണ്ണില്‍ ചുവന്ന വെളിച്ചം മിന്നിത്തുടങ്ങും. ഒപ്പം തന്നെ വലിയ ശബ്ദവും ഇത് പുറപ്പെടുവിക്കും. വിവിധ മൃഗങ്ങളുടെ ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ഒരേശബ്ദം കേട്ട് പരിചയമായാൽ കരടികള്‍ ഭയക്കാതെയായാലോ എന്ന് കരുതിയാണ് ഇതില്‍ വിവിധ മൃഗങ്ങളുടെ ശബ്ദങ്ങള്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സോളാര്‍ പവറിലാണ് ഈ ചെന്നായകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോക്കൈഡോ ആസ്ഥാനമായുള്ള ഓഹ്ത സെയ്കി, ഹോക്കൈഡോ യൂണിവേഴ്സിറ്റി, ടോക്കിയോ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്ത ശ്രമത്തിലൂടെയാണ് ഇവയെ നിർമിച്ചിരിക്കുന്നത്.
രാക്ഷസച്ചെന്നായകള്‍ക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്നാണ് യന്ത്രച്ചെന്നായകളെ നിര്‍മ്മിച്ചിരിക്കുന്ന കമ്പനിയുടെ പ്രസിഡണ്ട് യുജി ഓഹ്ത പറയുന്നത്.