ബ്രിട്ടീഷ് ഭരണത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; ചരിത്രമുറങ്ങുന്ന അലിപുർ ജയിൽ മ്യൂസിയമാക്കി
Thursday, September 22, 2022 12:46 PM IST
കോൽക്കത്ത: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പടെയുള്ള സ്വാതന്ത്ര സമരസേനാനികളെ തടവില്‍ പാര്‍പ്പിച്ച കോല്‍ക്കത്തയിലെ അലിപുർ ജയില്‍ മ്യൂസിയമാക്കി മാറ്റി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
നേതാജിക്കും നെഹ്റുവിനും പുറമെ അരബിന്ദോ ഘോഷ്, ദേശ്ബന്ധു ചിത്തരഞ്ജൻ ദാസ്, കനൈലാൽ ദത്ത, ദിനേശ് ഗുപ്ത, പശ്ചിമ ബംഗാളിന്റെ ആദ്യ മുഖ്യമന്ത്രി ഡോ. ബിധൻ ചന്ദ്ര റോയ് എന്നിവരും ഈ ജയിലിൽ തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വാതന്ത്ര്യ സമര കാലത്ത് പിതാവിനെ കാണാൻ ഈ ജയിലിൽ എത്തിയിരുന്നു. നേതാജി, നെഹ്റു, സി.ആർ. ദാസ് എന്നിവർ കഴിഞ്ഞ ജയിൽ സെല്ലുകൾ മ്യൂസിയത്തിലെ പ്രദർശനത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യ സമര കാലത്ത് ജയിലിനുള്ളിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. കനൈലാൽ ദത്തയെപ്പോലുള്ള വിപ്ലവകാരികളെ തൂക്കിലേറ്റിയ തൂക്കുമരവും പ്രദർശിപ്പിച്ചിട്ടുണ്ട്.
2019ലാണ് അലിപൂർ ജയിൽ അടച്ചത്. ഇവിടെയുണ്ടായിരുന്ന തടവുകാരെ കോൽക്കത്തയ്ക്കടുത്തുള്ള ബരുയിപൂരിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. തുടർന്ന് ഇത് മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി മമതാ ബാനർജി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. നേതാജിയുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ പുറത്തുവിടുകയും ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുമെന്നും മമതാ ബനർജി അറിയിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചരിത്രം മാറ്റുകയാണെന്ന് മമതാ ബാനർജി ഉദ്ഘാടന ചടങ്ങിനിടെ ആരോപിച്ചു. എന്തുകൊണ്ടാണ് പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത്?. നമ്മുടെ പുതിയ തലമുറയ്ക്ക് രാജ്യത്തെയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള സത്യങ്ങൾ അറിയാതിരിക്കാൻ ചരിത്രപരമായ സംഭവങ്ങളും മറ്റെല്ലാ കാര്യങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെ മാറ്റുക എന്നതാണ് പുതിയ ആശയം. നമ്മുടെ ചരിത്രം കാത്തുസൂക്ഷിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. മമതാ ബാനർജി പറഞ്ഞു.
1947 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ മഹാത്മാഗാന്ധി കോൽക്കത്തയിൽ വിഭജനത്തിന്റെ മുറിവുണക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് അവർ അനുസ്മരിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ ഗാന്ധിജി പങ്കെടുത്തിരുന്നില്ല. ഞങ്ങൾ സ്വതന്ത്രരാകുന്ന ആ അർദ്ധരാത്രിയിൽ അദ്ദേഹം കോൽക്കത്തയിലെ ബെലിയാഘട്ടയിലായിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് അദ്ദേഹം ഇവിടെയെത്തിയതെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.