സ്നേഹത്തിന് ഇത്ര മാധുര്യമോ?; കോഴിക്കോടിന്റെ സ്നേഹം പങ്കുവച്ച് മേയര്‍ ബ്രോ
Friday, August 23, 2019 11:07 AM IST
ഈ വർഷത്തെ മഴക്കെടുതിയിൽ ഏറെ ദുരിതം നേരിട്ടത് വടക്കൻ ജില്ലകളാണ്. കേരളമൊന്നാകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിന്റെ ഏകോപനമികവ് ഇതിൽതന്നെ മികച്ചുനിന്നു. തിരുവനന്തപുരം കോർപ്പറേഷനിൽനിന്നു മാത്രമായി 85 ലോഡ് സാധനങ്ങളാണ് വിവിധ ജില്ലകളിലേക്കു മേയറുടെ നേതൃത്വത്തിൽ കയറ്റി വിട്ടത്.
തിരുവനന്തപുരത്തിന്റെ ഈ സ്നേഹത്തിന് പകരം സമ്മാനം നൽകിയിരിക്കുകയാണ് കോഴിക്കോട്. കോഴിക്കോടൻ ഹൽവയാണ് അവർ സമ്മാനമായി തലസ്ഥാനത്തേക്ക് അയച്ചത്. ഇതു സംബന്ധിച്ച് മേയർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
സ്നേഹത്തിന് ഇത്ര മധുരമോ? തിരുവനന്തപുരം നഗരസഭയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെനിന്നു കൊടുത്തയച്ച കുറച്ച് ഹൽവയാണിത്. ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്. സ്നേഹത്തിന്റെ ഭാരം. ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നു- മേയർ ഫേസ്ബുക്കിൽ കുറിച്ചു.