കടയിൽ കയറി ഐസ്ക്രീം നക്കി ഫ്രീസറിൽ തിരികെവച്ച് യുവാവ്; അവസാനം അറസ്റ്റിൽ
Tuesday, July 9, 2019 1:53 PM IST
കടയിൽകയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറിൽ തിരികെവച്ച യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ ലൂയിസിയാനയിലാണു സംഭവം. ലെനിസ് മാർട്ടിൻ എന്ന മുപ്പത്താറുകാരനാണു ശനിയാഴ്ച അറസ്റ്റിലായത്. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
കടയിൽകയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറിൽ തിരികെവയ്ക്കുന്ന വീഡിയോ ലെനിസ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂ ബെൽ എന്ന കന്പനിയുടെ ഐസ്ക്രീം ബോക്സ് തുറന്നു നക്കുന്നതും തിരികെ അവിടെതന്നെ വയ്ക്കുന്നതുമായ വീഡിയോ 13 ദശലക്ഷം ആളുകളാണു കണ്ടത്.
ഇതു വിവാദമായതിനെ തുടർന്നു പോലീസ് അറസ്റ്റിലേക്കു കടക്കുകയായിരുന്നു. ഐസ്ക്രീമിന്റെ ബില്ലടച്ചിരുന്നുവെന്ന പ്രതിയുടെ വാദം അംഗീകരിച്ചുവെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു പോലീസിന്റെ തീരുമാനം. ലെനിസിനു കോടതി ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചെങ്കിലും ജയിൽമോചിതനായോ എന്നു വ്യക്തമല്ല.
അടുത്തിടെ വ്യാപകമായി പ്രചരിച്ച വീഡിയോയുടെ ചുവടുപിടിച്ചാണ് ലെനിസും വീഡിയോ പങ്കുവച്ചതെന്നാണു സൂചന. റീട്ടയ്ൽ സ്റ്റോറിനുള്ളിൽ കയറി ഐസ്ക്രീം നക്കിയശേഷം ഫ്രീസറിൽ തിരികെവക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലുഫ്കിനിലെ പ്രമുഖ റീട്ടയ്ൽ സ്റ്റോറിലായിരുന്നു സംഭവം.
അമേരിക്കയിൽ ഏറെപ്പേർ ഇഷ്ടപ്പെടുന്ന ബ്ലൂ ബെൽ എന്ന ഐസ്ക്രീമിന്റെ കണ്ടെയ്നർ പാക്ക് തുറന്നു മുകൾഭാഗം നക്കിയശേഷം തിരികെ ഫ്രീസറിൽ വയ്ക്കുന്നതായിരുന്നു വീഡിയോ. പ്രായപൂർത്തിയാകാത്തതിനാൽ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.