ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ നടുറോഡിൽ ജീപ്പ് കത്തിച്ചു; യുവാവ് പിടിയിൽ
Wednesday, September 4, 2019 12:34 PM IST
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുവാൻ ജീപ്പ് കത്തിച്ചയാൾ പിടിയിൽ. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഇന്ദ്രജിത്ത് സിംഗ് ജഡേജ എന്ന് പേരുള്ള ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. തിരക്കേറിയ റോഡിന് സമീപം നിർത്തിയിട്ടതിന് ശേഷമാണ് അദ്ദേഹം ജീപ്പിന് തീയിട്ടത്.
ഇവിടുത്തെ അഗ്നിശമനസേന ഓഫീസിന് മുൻപിൽ നടന്ന സംഭവങ്ങൾ പകർത്തിയത് ഇന്ദ്രജിത്തിന് സമീപമുണ്ടായിരുന്ന സുഹൃത്താണ്. സംഭവം കണ്ട വഴിയാത്രികർ ഭയന്ന് അലറുന്നതും വീഡിയോയിൽ വ്യക്തമാണ്.
രാജ്കോട്ട് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പകർത്തിയ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ.