ലോകം മുഴുവന്‍ സുഖം പകരാനായി... പാട്ടുപാടി ഒപ്പംകൂടി മോഹന്‍ലാല്‍; കൈയടിച്ച് ആരോഗ്യമന്ത്രി
Wednesday, April 8, 2020 8:33 PM IST
"ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...’ കിലോമീറ്ററുകള്‍ക്കകലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹന്‍ലാല്‍ പ്രശസ്തമായ ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരുടേയും മനം കുളിര്‍ത്തു.
എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ കൂടാതെ മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടിയത്.
എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഇങ്ങനെ ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതെന്നും മനസിലുണ്ടാകും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഊര്‍ജവും വിലപ്പെട്ടതാണ്. ഉള്ള സാഹചര്യത്തില്‍ ഭഗീരഥപ്രയത്നം നടത്തുന്ന ഇവര്‍ നമുക്ക് അഭിമാനമാണ്. രോഗികള്‍ക്ക് ഇവര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖല ചെയ്തു തരാന്‍ തയ്യാറാണ്. ഇനി അങ്ങോട്ടുള്ള ദിനങ്ങള്‍ നിര്‍ണായകമാണ്. അതിനാല്‍ തന്നെ ഈ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം തുടരണം. ലോക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരുകയാണ്. അതിന് പിന്നില്‍ ആശുപത്രികളില്‍ അഹോരാത്രം പണിയെടുക്കുന്ന ക്ലീനിംഗ് സ്റ്റാഫ് മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് നേതൃത്വം നല്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ബിഗ് സല്യൂട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കുടുംബവും കുട്ടികളും എല്ലാം മാറ്റിവച്ച് അഹോരാത്രം നമ്മുടെ എല്ലാവരുടേയും ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവരുടെ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി മോഹന്ലാലിനെപ്പോലെയുള്ളവര് സമയം കണ്ടെത്തി രംഗത്തെത്തുന്നതില്‍ നന്ദിയുണ്ടെന്നും മന്ത്രി അറിയിച്ചു.
എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജീവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാനാണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ മന്ത്രി പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു.
അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. ഒപ്പം തൊഴുകൈയ്യോടെ ’ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...’ എന്ന മനോഹര ഗാനവും. നിങ്ങള്‍ ലോകത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്ഥിക്കുകയാണെന്നും മോഹന്‍ലാല്‍ തൊഴുകൈയോടെ പറഞ്ഞു.