ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറുന്ന ലോറിയില്‍ നിന്നും ജീവനക്കാരിയെ രക്ഷിക്കുന്ന യുവതി; വീഡിയോ വൈറല്‍
Tuesday, July 26, 2022 3:13 PM IST
ദിവസേന നിരവധി അപകടങ്ങളാണ് പലയിടങ്ങളിലായി നടക്കാറുള്ളത്. പലരും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്.
എന്നാല്‍ ഉത്തരാഖണ്ഡിലെ ഒരു ടോള്‍ ബൂത്ത് ജീവനക്കാരിക്ക് തന്‍റെ ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടു മാത്രമല്ല. അപകടം കണ്ടയുടന്‍ ഇടപെട്ട മറ്റൊരു യുവതിയുടെ മനസാന്നിധ്യം കൊണ്ടുകൂടിയാണ് അവര്‍ രക്ഷപ്പെട്ടത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണ്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഉത്തരാഖണ്ഡിലുള്ള ടെഹ്രാദന്‍ നഗരത്തിലുള്ള ഒരു ടോള്‍ ബൂത്തിന്‍റെ ദൃശ്യങ്ങളാണുള്ളത്.
ദൃശ്യത്തില്‍ ടോള്‍ ബൂത്തിലായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാര്‍ കാണാം. എന്നാല്‍ അവിടേക്ക് വരുന്ന ഒരു ലോറിക്ക് പെട്ടെന്ന് അതിന്‍റെ നിയന്ത്രണം നഷ്ടമാവുകയാണ്. കാറിന് പിന്നിലിടിക്കാതിരിക്കാനായി ലോറി വെട്ടിക്കുമ്പോള്‍ അത് ടോള്‍ ബൂത്തുകളിലൊന്നില്‍ ഇടിച്ചു കയറുകയാണ്.
ഈ സമയം മറ്റൊരു ടോള്‍ ബൂത്തിനരികില്‍ നിന്നെത്തുന്ന യുവതി അപകടം കണ്ടയുടനെ ടോള്‍ ബൂത്തിലകപ്പെട്ട ജീവനക്കാരിയെ രക്ഷിക്കുകയാണ്. സ്ഥലത്തുണ്ടായിരുന്ന ചില പുരുഷന്മാര്‍ സ്തംഭിച്ചു നിന്നപ്പോഴാണ് ഈ യുവതി സമയോചിതമായി ഇടപെടല്‍ നടത്തിയത്.
വീഡിയോയില്‍ രണ്ടു യുവതികളും പരിക്ക് പറ്റാതെ രക്ഷപ്പെടുന്നതായി കാണാനാകുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് നിരവധി കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുവതിയുടെ ധൈര്യം മാത്രമല്ല അപകടം തടയാനുള്ള ഒരുക്കങ്ങള്‍ ക്യാബിനുള്ളില്‍ ഒരുക്കിയിരുന്ന കമ്പനി അധികൃതരും അഭിനന്ദനമര്‍ഹിക്കുന്നുണ്ട് എന്നാണതിലൊരു കമന്‍റ്.