ലോകം കേള്‍ക്കട്ടെ സുജിത്തിന്റെ സംഗീതം
Monday, January 17, 2022 2:45 PM IST
കൊച്ചി: സുജിത്ത് കുര്യന് കൊച്ചിയിലെ വീട്ടിലിരുന്നു തന്റെ കീ ബോര്‍ഡിലും സോഫ്റ്റ്വെയറിലും ക്രമപ്പെടുത്തുന്ന പുത്തനീണങ്ങള്‍ ഇനി ലോകമെങ്ങും കേള്‍ക്കും. സംഗീതലോകത്തെ അതികായരായ ബെന്റ്ലിയുടെ ലേബലില്‍ അറിയപ്പെടുന്ന ആദ്യ മലയാളി കലാകാരനാവുകയാണു 34കാരനായ സുജിത്ത്.
യുഎസിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ബെന്റ്ലി മ്യൂസിക് റെക്കോര്‍ഡ് കമ്പനിയാണ് സുജിത്തിന്റെ ആറു മ്യൂസിക് ട്രാക്കുകള്‍ പുറത്തിറക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആറു ട്രാക്കുകള്‍ കംപോസ് ചെയ്തു നല്‍കുന്നതിനുള്ള കമ്പനിയുടെ കരാറില്‍ സുജിത്ത് കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
ബെന്റ്ലി ആര്‍ട്ടിസ്റ്റ് എന്ന ടാഗിലാകും സംഗീത ലോകത്തും സാമൂഹ്യ മാധ്യമങ്ങളിലും ഇനി സുജിത്ത് അറിയപ്പെടുക. ലോകത്തിലെ അപൂര്‍വം കലാകാരന്മാര്ക്കു ലഭിക്കുന്ന നേട്ടത്തിലേക്കാണു സുജിത്ത് തന്റെ സവിശേഷമായ ഈണത്തിൽ പാടിക്കയറുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്ഞരുടെ സൃഷ്ടികള്‍ ചേര്‍ത്തിട്ടുള്ള റിവര്ബ്നേഷന് എന്ന വെബ്സൈറ്റിൽ സുജിത്ത് അപ്ലോഡ് ചെയ്ത ട്രാക്കാണു ന്യൂയോർക്കിലെ ബെന്റ്ലി അധികൃതരെ ആകർഷിച്ചത്. ഇതു കരാറിലേക്കു നയിച്ചു.
ശാസ്ത്രീയമായി സംഗീതം പഠിച്ചതിന്റെ പെരുമ പറയാനില്ലെങ്കിലും സുജിത്തിന്റെ സിരകളില്‍ നിറഞ്ഞതത്രയും ഈണങ്ങളായിരുന്നു. പുതിയ ശബ്ദങ്ങളോടും ഈണങ്ങളോടുമുള്ള പ്രണയം പാട്ടിലെ പുതുവഴികള്‍ തേടുന്നതിനു പ്രചോദനമായി.
ബിടെക്കിനു ശേഷം രണ്ടു വര്‍ഷം ഐടി മേഖലയില്‍ ജോലി. ഈണങ്ങളോടുള്ള ഇഷ്ടം കൂടിയപ്പോള്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് സിംഗ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ് എന്ന സംഗീതസംഘത്തിനൊപ്പമുള്ള സംഗീതയാത്ര എട്ടു വര്‍ഷം. ഇതിനിടെ ഏതാനും ക്രിസ്ത്യന്‍ സംഗീത ആല്‍ബങ്ങളും ഗാനങ്ങള്‍ക്കു സംഗീതമൊരുക്കിയും ഗായകനായും ശ്രദ്ധിക്കപ്പെട്ടു.
ഇടപ്പള്ളി തോപ്പില്‍ ചേറാവള്ളില് സി.വി. കുര്യന്റെയും തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ മേരി കുര്യന്റെയും മകനാണു സുജിത്ത്. ഗായിക കൂടിയായ ഡൈമയാണു ഭാര്യ.
ബെന്റ്ലിയിലൂടെ പുറത്തിറങ്ങുന്ന പാട്ടുകള്‍ ലോകമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും ആസ്വാദകരിലെത്തും. ബെന്റ്ലിയിലൂടെ പുറത്തിറങ്ങുന്ന ട്രാക്കുകളുടെ റോയല്‍റ്റി തുകയില്‍ 97 ശതമാനവും കംപോസര്ക്കാണ്. വിദേശരാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇതിലൂടെയെത്തും.
ബെന്റ്ലിയിലൂടെ പാട്ടുകള്‍ പുറത്തിറക്കാനുള്ള അവസരം ഇന്ത്യയില്‍ നിന്ന് ഇതിനു മുമ്പു ലഭിച്ചത് പഞ്ചാബ് സ്വദേശിക്കാണ്. ബെന്റ്ലിക്കു വേണ്ടിയുള്ള ആദ്യ സംഗീതസൃഷ്ടി രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളിലാണു സുജിത്ത് കുര്യന്.
സിജോ പൈനാടത്ത്