താനെന്ത് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയുടെ ചോദ്യം; രസകരമായ ഉത്തരവുമായി അഞ്ചു വയസുകാരി
Thursday, July 28, 2022 11:21 AM IST
കുട്ടികളുടെ നിഷ്കളങ്കത ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല. ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തങ്ങളുടെ മനസിലുള്ള കാര്യങ്ങളായിരിക്കുമല്ലൊ അവര്‍ പറയുക. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രിക്കും ഇത്തരത്തിലൊരു രസകരമായ അനുഭവമുണ്ടായി.
മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നിന്നുള്ള എംപിയാണ് അനില്‍ ഫിറോജിയ. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെയും കുടുംബത്തെും പാര്‍ലമെന്‍റ് ഹൗസില്‍വച്ച് നരേന്ദ്ര മോദി കാണുകയുണ്ടായി. അനില്‍ ഫിറോജിയയുടെ അഞ്ചു വയസുകാരി മകള്‍ അഹാനയും അവിടെയുണ്ടായിരുന്നു.
കുട്ടിയോട് താനാരാണെന്ന് അറിയാമൊയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തനിക്കറിയാമെന്നും "താങ്കള്‍ മോദിയല്ലെ. എല്ലാ ദിവസവും ടെലിവിഷനില്‍ കാണാറുണ്ട്’ എന്നായിരുന്നു അഹാനയുടെ മറുപടി.
കുട്ടിയുടെ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്നറിയാമൊ എന്ന് തിരക്കി. "താങ്കള്‍ ലോക്സഭയില്‍ ജോലി ചെയ്യുന്നു’ എന്നായിരുന്നു കുട്ടിയുടെ മറുപടി.
ഏതായാലും അഹാനയുടെ മറുപടി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചിരിപ്പിച്ചുകളഞ്ഞു. പ്രധാനമന്ത്രി അഹാനയ്ക്ക് ഒരു ചോക്ലേറ്റ് സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മോദിയും അഹാനയും തമ്മിലുള്ള ഈ സംഭാഷണം സമൂഹ മാധ്യമങ്ങളിലും വൈറലാണ്.