പൂച്ചയാണിന്നെന്‍റെ ദുഃഖം എന്ന കവി വാക്യം അന്വര്‍ഥമാവുകയാണ്. സംഗതി ഇവിടല്ല ഇംഗ്ലണ്ടിലാണെന്ന് മാത്രം. പൂച്ചയുടെ നിശാ സഞ്ചാരം ഒഴിവാക്കണമെന്നാണ് ഒരുകൂട്ടം ആളുകളുടെ ആവശ്യം.

ഇംഗ്ലണ്ടിലെ പക്ഷി സ്നേഹികളായ കുറേ ആളുകളാണ് ഇത്തരമൊരു ആവശ്യവുമായി വന്നിരിക്കുന്നത്. രാത്രിയില്‍ ഇരതേടി ഇറങ്ങുന്ന വവ്വാലുകളേയും മറ്റ് ചെറു പക്ഷികളേയും പൂച്ചകള്‍ ധാരാളമായി വേട്ടയാടുന്നു എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ കാരണം.

വംശനാശത്തിന്‍റെ വക്കിലായ പക്ഷികളെയൊക്കെയാണ് പൂച്ചകള്‍ ഇങ്ങനെ ഇല്ലായ്മ ചെയ്യുന്നതെന്ന് "ബാറ്റ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ്'ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 18 ഇനത്തോളമുള്ള വവ്വാലുകളില്‍ പലതും വംശനാശത്തിന്‍റെ വക്കിലാണെന്നവര്‍ പറയുന്നു.


പൂച്ചകള്‍ അനാവശ്യമായിത്തന്നെ ഇത്തരത്തിലുള്ള ജീവികളെ പതിയിരുന്നു ആ്രകമിക്കുമ്പോള്‍ പ്രകൃതിയുടെ സന്തുലിതയേയും അത് വൈകാതെ ബാധിക്കുമെന്ന് ചിലര്‍ കരുതുന്നു. പൂച്ചകളെ ഉടമകള്‍ രാത്രി കാലങ്ങളില്‍ പുറത്തിറക്കരുതെന്ന് ബിബിസി ഗവേഷകനായ ദാവൂദ് ഖുറേഷിയും അഭിപ്രായപ്പെടുന്നു.

ഏതായാലും ഈ കൗതുകകരമായ ആവശ്യം ജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയാവുകയാണ്.