അറിവിന്റെ ആദ്യാക്ഷരം തെരുവിൽ നിന്ന്; വഴിവക്കിൽ ഉറങ്ങുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ട്രാഫിക് പോലീസ്
Sunday, August 25, 2019 4:07 PM IST
അന്തരീക്ഷ വ്യതിയാനങ്ങൾ സഹിച്ച് രാപകലില്ലാതെ കർമനിരതരായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നമ്മൾക്ക് സുപരിചിതമാണ്. ഇപ്പോഴിത തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്കപ്പുറം തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് അറിവ് പകർന്ന് നൽകുവാനും അറിയാമെന്ന് അവർ തെളിയിക്കുകയാണ്.
തെരുവുകളിൽ കഴിയുന്ന കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് അഹമ്മദാബാദ് ട്രാഫിക് പോലീസാണ്. പോലീസ് പാഠശാലയെന്നാണ് ഈ പദ്ധതിയുടെ പേര്. തെരുവോരങ്ങളിൽ ഉറങ്ങുകയും ജീവിത മാർഗത്തിനായി ചെറിയ ജോലി ചെയ്യുന്ന 200ഓളം കുട്ടികളെയാണ് ഇവർ പഠിപ്പിക്കുന്നത്.
അഹമ്മദാബാദിലെ മൂന്ന് കേന്ദ്രങ്ങളിൽ പോലീസ് പാഠശാല നടക്കുന്നുണ്ട്. ഇവിടേക്ക് കുട്ടികൾക്ക് എത്തുവാൻ സൈക്കിൾ റിക്ഷകൾ പോലീസുകാർ ഏർപ്പാട് ചെയ്തിട്ടുണ്ട്. മാത്രമല്ല പഠിക്കുന്ന സമയം ഇവർക്ക് ഭക്ഷണവും നൽകും.
തെരുവുകളിൽ കഴിയുന്ന കുട്ടികളിൽ നിരവധി പേർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുവാൻ പോലീസ് തീരുമാനിച്ചത്. അടിസ്ഥാന വിദ്യാഭ്യാസം നൽകിയതിന് ശേഷം കുട്ടികളെ സ്കൂളുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസം ലഭിക്കുന്ന തലമുറ തെറ്റിൽ നിന്നും വഴിമാറി നടക്കുമെന്ന് ട്രാഫിക് പോലീസ് ഉറച്ച് വിശ്വസിക്കുന്നു.