കോവിഡ് ആകുലതകളിൽ ആശ്വാസമായി മാലാഖക്കൂട്ടം
Sunday, May 10, 2020 6:58 PM IST
മഹാമാരിയുടെ ആകുലതകളിൽ മാലാഖമാരെപ്പോലെ ആശ്വാസം പകർന്ന് ഒരു ഓൺലൈൻ റേഡിയോ സ്റ്റേഷൻ. അതാണ് റേഡിയോ ആഞ്ചലോസ്. ക്രിസ്തുമാർഗത്തിലൂടെ ജാതിമതഭേദമന്യേ എല്ലാവർക്കും വേണ്ടിയുള്ള മൂല്യാധിഷ്ഠിത പരിപാടികളും പഠനപരിപാടികളും കലാപ്രധാന്യമുള്ള പരിപാടികളും എല്ലാം ഉൾക്കൊളുന്ന യുവജന റേഡിയോ സ്റ്റേഷനാണ് റേഡിയോ ആഞ്ചലോസ്.
കൊറോണക്കാലത്ത് സാന്ത്വനമായി എത്തിയ ഈ മാലാഖക്കൂട്ടത്തിന്റെ തിരുഹൃദയ തിരുതണൽ എന്ന ഗാനം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആനീസ് ഡേവിസിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഫിപിൻ പോൾ ആണ്. ഒരു സംഗീതവീഡിയോയിൽ തീരുന്നില്ല റേഡിയോ ആഞ്ചലോസിന്റെ കോവിഡ്കാല സാന്ത്വനപ്രവർത്തനങ്ങൾ. കഥപറച്ചിൽ മത്സരം, പതിനഞ്ചോളം കൊറോണ ഓൺലൈൻ ധ്യാനങ്ങൾ, തിരുതണൽ എന്ന ഗാനാലാപന മത്സരം എന്നിങ്ങനെ നീളുന്നു അത്.
2020 ഡിസംബറിൽ അഞ്ചാം വയസ് പൂർത്തിയാക്കുന്ന റേഡിയോ ആഞ്ചലോസിന് മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ്, യുട്യൂബ് ചാനൽ, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയ എല്ലാ നൂതനസങ്കേതങ്ങളുമുണ്ട്. ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലും റേഡിയോ ആഞ്ചലോസ് പ്രവർത്തകർ ഉണ്ട്. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും റേഡിയോ ആഞ്ചലോസ് ലഭിക്കുന്നു.
ധന്യ വിൻസെന്റ്, ഫിപിൻ പോൾ തുടങ്ങിയവർ ചേർന്നാണ് റേഡിയോ ആഞ്ചലോസിന് തുടക്കം കുറിച്ചത്. സ്പിരിച്വൽ ഡയറക്ടർ ഫാ.ഫ്രാൻസിസ് ആളൂർ, ക്രിയേറ്റീവ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമൽ, പ്രോഗ്രം കോ-ഓർഡിനേറ്റർമാരായ ഡോൺസി ഫിപിൻ, വിക്ടർ, അഭിനേത്രി മോഹിനി ക്രിസ്റ്റീന, പ്രൊഫസർ വിൻസൻ മാസ്റ്റർ തുടങ്ങിയവരും ഈ മാലാഖക്കൂട്ടത്തിന് കരുത്തേകുന്നു.