ഈ ചൈനക്കാരുടെ ഒരു കാര്യം! അഞ്ചുനില കെട്ടിടത്തെ 200 അടി നടത്തിച്ചു!
Monday, November 16, 2020 7:21 PM IST
ഒരു കെട്ടിടം നടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെറുമൊരു കെട്ടിടമല്ല, അഞ്ചാറ് നിലകളുള്ള ഒരു സ്കൂൾ കെട്ടിടമാണ് "നടന്നത്'.
ചൈനയിലാണ് സംഭവം. 85 വർഷം പഴക്കമുള്ള പടുകൂറ്റൻ കൂറ്റൻ സ്കൂൾ കെട്ടിടത്തെയാണ് ചൈന തങ്ങളുടെ പുതിയ സാങ്കേതിക വിദ്യയായ "വാക്കിംഗ് മെഷീൻ' ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചത്. ചൈനയിലെ ഷാംഗ്ഹായി റസിഡൻസ് ഏരിയയിൽ നിന്നാണ് ഈ സ്കൂളിനെ അവർ മാറ്റി വച്ചത്. ഈ സ്കൂൾ ചൈനയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അതുകൊണ്ടാണ് കേടുപാടുകൾ ഒന്നും വരുത്താതെ മാറ്റിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
യന്ത്രകാലുകളിൽ ഘടിപ്പിച്ച സെൻസറുകളുപയോഗിച്ചാണ് കെട്ടിടത്തിന്റെ നടപ്പ് നിയന്ത്രിച്ചത്. 2018 ൽ വുജി കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇത്. ആദ്യം കെട്ടിടത്തിന് ചുറ്റും കുഴിച്ച് പില്ലറുകൾ ഉപയോഗിച്ച് കെട്ടിടം ഉയർത്തി. ശേഷം യന്ത്രക്കാലുകൾ ഘടിപ്പിച്ചു.
കെട്ടിടത്തെ 21 ഡിഗ്രി തിരിച്ച ശേഷം 62 മീറ്റർ ദൂരത്തേക്ക് (202 അടി) മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. സ്കൂൾ ഇരുന്ന സ്ഥലം കൂടുതൽ ജനവാസമുള്ള സ്ഥലമായതിനാൽ അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാനാണ് അധികൃതരുടെ തീരുമാനം. കെട്ടിടം നീക്കുന്നതിന്റെ ടൈംലാപ്സ് വീഡിയോ ട്വിറ്ററില് വൈറലാണ്.
നടത്തം ആദ്യ സംഭവമല്ല
ആദ്യമായല്ല ചൈനയിലെ കെട്ടിങ്ങളുടെ നടത്തം. നേരത്തെ ഹൈവേ നിർമാണത്തിനായി 2003 ൽ ഒരു ഹാൾ മാറ്റി സ്ഥാപിച്ചിരുന്നു. 2013ൽ ആറു നിലകളുള്ള ഒരു ഗോഡണും മാറ്റിയിരുന്നു. പക്ഷെ അതെല്ലാം മാറ്റിയിരുന്നത് ക്രെയിൻ ഉപയോഗിച്ചോ, വാഹനം ഉപയോഗിച്ചോ ആയിരുന്നു.
എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ സ്കൂൾ കെട്ടിടത്തിന്റെ കാര്യം. 7600 ടൺ ഭാരമുണ്ടായിരുന്നു കെട്ടിടത്തിന്. "ടി' ആകൃതിയിലാണ് കെട്ടിടം പണിതിരുന്നത്. അതുകൊണ്ടാണ് "വാക്കിംഗ് മെഷീൻ' എന്ന പുതിയ സാങ്കേതി വിദ്യ ഉപയോഗിച്ചത്.
"200 ചലിക്കുന്ന കാലുകളാണ് അഞ്ച് നില കെട്ടിടത്തിന് താഴെ ഘടിപ്പിച്ചത്. റോബോട്ടിക് കാലുകൾ പോലെ രണ്ട് ഗ്രൂപ്പായാണ് ഇവ പ്രവർത്തിച്ചത്. അതായത് മനുഷ്യൻ നടക്കുമ്പോൾ കാലുകൾ ചലിക്കുന്ന പോലെ തന്നെ.' ചീഫ് ടെക്കിനിക്കൽ സൂപ്പർവൈസറായ ലാൻ വുജി വിശദീകരിച്ചു.