"ഷമി ഹീറോയാടാ ഹീറോ...!'; സഞ്ജുവിനൊപ്പം മലയാളം ഡയലോഗ് പറഞ്ഞ് ഷമി
Thursday, January 30, 2020 11:12 AM IST
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തിനൊപ്പം നിൽക്കുന്ന പേരാണ് ബോളർ മുഹമ്മദ് ഷമിയുടേത്. ഷമി എറിഞ്ഞ ന്യൂസിലൻഡ് ഇന്നിംഗ്സിലെ അവസാനത്തെ, ത്രസിപ്പിക്കുന്ന ഓവറും മത്സരത്തിന്റെ ഗതി നിർണയിച്ചു. എട്ടു റൺസ് മാത്രമാണ് ഷമിയുടെ അവസാന ഓവറിൽ കിവീകൾക്ക് നേടാനായത്.
ഇതിന്, പിന്നാലെ ഷമിയുടെ രസകരമായ ഒരു വീഡിയോ പുറത്ത് വന്നു. വീഡിയോ പങ്കുവെച്ചിരിക്കുന്നതാകട്ടെ ടീമിലെ മലയാളി താരം സഞ്ജു. വി. സാംസണും. ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ "കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ഷമിയെകൊണ്ട് സഞ്ജു പറയിപ്പിച്ചിരിക്കുന്നത്.
ഒരു ഷോട്ട് അടിച്ച ശേഷം സിനിമയില്‍ പറയുന്നതുപോലെ 'ഷമ്മി ഹീറോയാടാ ഹീറോ...!' എന്നാണ് ഷമി വീഡിയോയില്‍ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങൾക്കകം ആയിരകണക്കിന് ആരാധകരാണ് ഈ വീഡിയോ പങ്കുവച്ചത്. നിരവധി ആരാധകർ തങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും ഫേസ്ബുക്ക് സ്റ്റോറി ആയുമെല്ലാം ഈ വീഡിയോ പങ്കുവച്ചു.