ഗൂഗിൾ നോക്കി അവൾ പറഞ്ഞു: എനിക്ക് കാൻസർ ആണ്
Wednesday, September 16, 2020 4:50 PM IST
പെട്ടെന്നാണ് ആശുപത്രിയിൽനിന്ന് വിളിയെത്തിയത്. ഉടൻ റെഡിയാവുക, ആംബുലൻസ് ഇപ്പോഴെത്തും. അമേലിയയും കുടുംബവും ഞെട്ടിത്തരിച്ചുപോയി. ചെറിയ അസ്വസ്ഥതകൾ തോന്നിയപ്പോൾ നേരത്തെപോയി പരിശോധനയ്ക്കു വിധേയയായിരുന്നു.
കൃത്യമായി ഒന്നും പറയാതെയാണ് ആശുപത്രി അധികൃതർ തിരിച്ചുവിട്ടത്. എന്തെങ്കിലുമുണ്ടെങ്കിൽ പിന്നാലെ അറിയിക്കും... അതാണ് ഇപ്പോൾ ഉടൻ ആശുപത്രിയിലേക്കു പുറപ്പെടാൻ തയാറാവുക എന്ന സന്ദേശമായി എത്തിയിരിക്കുന്നത്.
കാരണമറിയാതെ
കാരണമെന്തെന്ന് അവർ വിശദീകരിച്ചില്ല. മിനിറ്റുകൾക്കകം വീടിനു പുറത്ത് ആംബലൻസ് ഇരച്ചെത്തി. കടുത്ത ആശങ്കയോടെ അമേലിയയും അമ്മയും ആംബുലൻസിലേക്ക് കയറുന്പോഴും മെഡിക്കൽ ടീമിനോട് അവർ ചോദിച്ചു, എന്താണ് പ്രശ്നം.. ഇത്ര അടിയന്തരമായി എന്തിനാണ് കൊണ്ടുപോകുന്നത്..? ക്ഷമിക്കണം, അങ്ങനെ പറയാൻ ഞങ്ങൾക്ക് അനുവാദമില്ല എന്നതായിരുന്നു ആംബുലൻസിലെ മെഡിക്കൽ ടീമിന്റെ മറുപടി. ഇതോടെ ആശങ്ക ഇരട്ടിച്ചു.
എന്നാൽ, തന്റെ കൈയിലിരുന്ന സ്മാർട്ട് ഫോണിൽ പരതിക്കൊണ്ടിരുന്ന ആ പതിനാലുകാരി അല്പ സമയത്തിനകം ആകെ വിഷമിച്ചിരുന്ന അമ്മയോട് താഴ്ന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: അമ്മേ, എനിക്കു ഗുരുതരമായ കാൻസർ ബാധിച്ചെന്നു തോന്നുന്നു. മകളുടെ നിഗമനം കേട്ട് അമ്മ ഞെട്ടിപ്പോയി. ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചുകൂട്ടേണ്ടെന്ന് അമ്മ മകളെ വിലക്കി, പിന്നെ ആശ്വസിപ്പിച്ചു.
എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോൾ ആ അമ്മ ഞെട്ടലോടെ തിരിച്ചറിഞ്ഞു, മകൾ പറഞ്ഞത് കൃത്യമായിരുന്നു. തന്റെ രോഗലക്ഷണങ്ങൾ വച്ചു ഗൂഗിളിൽ പരതിയാണ് അമേലിയ തനിക്കു കാൻസർ ആണെന്ന നിഗമനത്തിലേക്ക് എത്തിയത്! ആശുപത്രിയിലേക്കുള്ള ആ യാത്ര അമ്മ കെല്ലി ഇപ്പോഴും ഓർക്കുന്നു.
എല്ലാ മാതാപിതാക്കളെയും പോലെ അങ്ങനെയൊന്നുമുണ്ടാവില്ലെന്നു പറഞ്ഞെങ്കിലും കെല്ലിക്ക് എന്തെന്നില്ലാത്ത ഭയം തോന്നി. ആ നിമിഷം മുതൽ താൻ അനുഭവിച്ച വേദനകൾക്കും നടത്തിയ പ്രാർഥനകൾക്കും അതിരില്ലെന്ന് ആ അമ്മ പറഞ്ഞു.

ചുവന്ന പാടുകൾ
കാലിഫോർണിയയിലെ സ്റ്റോക്ടണിലാണ് അമേലിയയും കുടുംബവും താമസിക്കുന്നത്. 14 വയസുള്ള തന്റെ ത്വക്കിൽ അവിടവിടെയായി കാണപ്പെട്ട ചുവന്ന പാടുകൾ അമേലിയയുടെ ശ്രദ്ധയിൽപ്പെട്ടു. അമേലിയ ഇക്കാര്യം മാതാപിതാക്കളോടു പറയുകയും അവർ ഒരു ഡോക്ടറെ സമീപിക്കുകയും ചെയ്തു.
കുട്ടിക്കു സാരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അയണിന്റെ കുറവുമൂലമാണ് ഇത്തരം പാടുകൾ ശരീരത്തിൽ കാണപ്പെടുന്നതെന്നും ഡോക്ടർ പറഞ്ഞു. ചില അയൺ ഗുളികകൾ നൽകി ഇവരെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ, തുടർ ദിവസങ്ങളിൽ അമേലിയ കൂടുതൽ ക്ഷീണിതയായി കാണപ്പെട്ടു.
ഒടുവിൽ അച്ഛനും അമ്മയും അമേലിയയെ നോർത്ത് ടീസ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർ വിശദമായി പരിശോധിക്കുകയും രക്തപരിശോധനയ്ക്കു നിർദേശിക്കുകയും ചെയ്തു. മെഡിക്കൽ ടെസ്റ്റുകൾക്കു ശേഷം വീട്ടിലേക്കു മടങ്ങിയ അമേലിയയെയും കുടുംബത്തെയും തേടിയാണ് തൊട്ടടുത്ത ദിവസം രാത്രിയിൽ ആശുപത്രിയിലെ ആംബുലൻസ് എത്തിയത്.
"എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ ഞങ്ങൾക്കേറെ സമയം വേണ്ടിവന്നു. രാത്രിയിൽ ഉറങ്ങാൻ കിടന്ന ഞങ്ങൾ ഇടയ്ക്കുണർന്നത് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ്. നോക്കുന്പോൾ വീട്ടുമുറ്റത്ത് ഒരു ആംബുലൻസും ആരോഗ്യപ്രവർത്തകരും. എന്താണ് പറയേണ്ടതെന്നറിയാതെ അവർ ഞങ്ങളെത്തന്നെ നോക്കിനിന്നു. കാര്യങ്ങളെക്കുറിച്ചു വ്യക്തതയൊന്നും ലഭിച്ചില്ലെങ്കിലും ജീവിതം കൈവിട്ടു പോകുകയാണെന്നു മനസിലായി' അമേലിയയുടെ അച്ഛൻ മൈക്ക് ജോൺസൺ പറഞ്ഞു.

തനിയെ തെരഞ്ഞു
ഉറങ്ങിക്കിടന്ന മകളെയും കൂട്ടി ആ അച്ഛനും അമ്മയും ആംബുലൻസിൽ കയറി ആശുപത്രിയിലേക്കു തിരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ അമേലിയ അമ്മയുടെ ഫോൺ വാങ്ങി. കളിക്കാനാകുമെന്നു കരുതി കെല്ലി ഫോൺ കൊടുത്തു.
കുറച്ചു നേരത്തിനു ശേഷം അമേലിയ അമ്മയോടു പറഞ്ഞു, "അമ്മാ എനിക്കു കാൻസറാണെന്നു തോന്നുന്നു' രോഗലക്ഷണങ്ങൾ ഗൂഗിൾ ചെയ്തശേഷമായിരുന്നു അമേലിയയുടെ പ്രതികരണം. അങ്ങനെയൊന്നുമാവില്ലെന്നു പറഞ്ഞു മകളെ സമാധാനിപ്പിച്ചെങ്കിലും ആശുപത്രിയിലേക്ക് എത്തി റിസൾട്ട് കിട്ടിയതോടെ ആ കുടുംബം ആകെ തകർന്നു പോയി. അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന രോഗമായിരുന്നു അമേലിയയെ ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ അടിയന്തരമായി കിമോതെറാപ്പി ആരംഭിച്ചു. കോവിഡ് രോഗം നാടുമുഴുവൻ പടർന്നു പിടിക്കുന്നതിനിടയിലും അമേലിയ പതിവായി ആശുപത്രിയിൽ പോകുകയും കിമോതെറാപ്പി ചെയ്യുകയും ചെയ്തു.
ഒരു കൗമാരക്കാരിയെന്ന നിലയിൽ കിമോയെത്തുടർന്നുള്ള മുടികൊഴിച്ചിലാണ് അമേലിയയെ ഏറ്റവുമധികം അലട്ടിയിരുന്നതെന്നു കെല്ലി പറയുന്നു. "അതിനു പുറമേയായിരുന്നു കിമോ കാലത്തുണ്ടായ വേദനയും അണുബാധയും. പലപ്പോഴും അവളെ നഷ്ടപ്പെട്ടുപോകുമോ എന്നു ഞങ്ങൾ ഭയന്നു.' കെല്ലി കൂട്ടിച്ചേർത്തു.
"മുടികൊഴിയുന്നത് നോക്കി ഞാൻ എത്രമാത്രം കരഞ്ഞിട്ടുണ്ടെന്ന് എനിക്കു മാത്രമേ അറിയൂ. ഓരോ കീമോ കഴിയുന്പോഴും മുടികൊഴിച്ചിലിന്റെ തോത് വർധിച്ചു വന്നു. ഒടുവിൽ മുടി മുഴുവനായി ഷേവ് ചെയ്തുകളഞ്ഞു. തുടക്കത്തിലെ വിഷമം പതുക്കെ പതുക്കെ മാറിവന്നു. ഇപ്പോൾ മുടിയില്ലാത്ത തല എനിക്കിഷ്ടമാണ്. കൂടാതെ പലതരത്തിലുള്ള വിഗുകളുടെ വലിയ ശേഖരം എന്റെ പക്കലുണ്ട്. ഇപ്പോൾ ചികിത്സ അവസാനിച്ചതോടെ മുടി പതുകെ വളർന്നു തുടങ്ങി. ശരീരത്തിന്റെ ക്ഷീണം മാറിവരുന്നുമുണ്ട്. ' അമേലിയ പറഞ്ഞു.

ഗൂഗിൾ പറഞ്ഞാൽ
ഗൂഗിളിലൂടെ അമേലിയ രോഗം കണ്ടെത്തി എന്നു കരുതി നമുക്കും അങ്ങനെ ചെയ്യാമെന്ന് ആരു കരുതേണ്ട കേട്ടോ. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയാൽ ഡോക്ടറെ കാണുകയും പ്രതിവിധി തേടുകയുമാണ് വേണ്ടത്.
ഒരു ചെറിയ തലവേദന, ജലദോഷം, മുടികൊഴിച്ചിൽ, മുഖക്കുരു എന്നിങ്ങനെ എന്തിനും ഏതിനും പരിഹാരം തേടി പലരും ആശ്രയിക്കുന്നതു ഗൂഗിളിനെയാണ്. എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യതകൾ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ കൈയിലുള്ള സ്മാർട്ട് ഫോൺ എടുക്കുക, ലക്ഷണങ്ങൾ ഗൂഗിൾ ചെയ്തു നോക്കുക - ഇതിപ്പോൾ നമ്മുടെയെല്ലാം പതിവായി മാറിയിരിക്കുകയാണ്.
രോഗത്തെക്കുറിച്ചു ഗൂഗിൾ വഴി പഠിക്കുന്നതിൽ കുഴപ്പമില്ല പക്ഷേ, ഗൂഗിൾ നോക്കി തനിയെ ചികിത്സിക്കാൻ ശ്രമിക്കരുത്, അത് അപകടകരമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.