ഏത് പ്രായക്കാര്‍ക്കും പ്രിയപ്പെട്ട ഒന്നാണല്ലൊ ഐസ്ക്രീം. അതൊരു കുന്നോളം ലഭിക്കുന്നതായി ചെറുപ്പത്തില്‍ പലരും കുറേ സ്വപനം കണ്ടിട്ടുണ്ടാകും. പല നിറങ്ങളിലെ, രുചിഭേദങ്ങളിലെ ഐസ്ക്രീം എന്നുമൊരു ആകര്‍ഷണം തന്നെയാണ്.



സിംഗപ്പൂരില്‍ വേറിട്ട ഒരു മ്യൂസിയമുണ്ട്. ഐസ്ക്രീം മ്യൂസിയം ആണിത്. ലോകത്തിലെ ഏക ഐസ്ക്രീം മ്യൂസിയം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഐസ്ക്രീമിന്‍റെ എക്കാലത്തെയും ഹിറ്റ് നിറങ്ങളിലൊന്നായ പിങ്ക് നിറത്തിലാണ് ഈ മ്യൂസിയം മുഴുവനുമുള്ളത്.



കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായിട്ടാണ് അവിടുത്തുകാര്‍ ഇത്തരമൊന്ന് ആരംഭിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇപ്പോള്‍ ഈ മ്യൂസിയം സന്ദര്‍ശിക്കുന്നത്.

ഫോട്ടോഗ്രാഫേഴ്സിനും ഇവിടം പ്രിയപ്പെട്ട ഒരിടമാണ് ഇവിടം. കൗതുകപരവും കലാപരവുമായ ധാരാളം കാഴ്ചകള്‍ ഇവിടെ നിന്ന് അവര്‍ക്ക് ഒപ്പിയെടുക്കാനാകും.




സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വേറിട്ട രൂപങ്ങളിലും രുചികളിലുമുള്ള ഐസ്ക്രീമുകള്‍ ഇവിടെ നുണയാനാകും. മാത്രമല്ല ഐസ്ക്രീമിന്‍റെ ചരിത്രത്തെക്കുറിച്ച് അറിയുവാനും ഇവിടെ നിന്ന് സാധിക്കും.

പോരാഞ്ഞിട്ട് ഭക്ഷണവും പാനീയങ്ങളും ലഭിക്കുന്ന കഫേകളും റെസ്റ്റോറന്‍റുകളും ഇവിടെയുണ്ട്.



ആഴ്ചയില്‍ നാല് ദിവസമാണ് ഈ മ്യൂസിയം തുറന്നുപ്രവര്‍ത്തിക്കുക. ആളുകള്‍ക്ക് വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പിങ്ക് മ്യൂസിയം സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയും വൈകുന്നേരം ആറ് മുതല്‍ രാത്രി എട്ടുവരെയുമാണ് സന്ദര്‍ശന സമയം.

ഏതായാലും കാഴ്ചയുടെ ഈ "രുചി’ പ്രദാനം ചെയ്യാന്‍ ലോകമെമ്പാടുമുള്ള വിനോദ യാത്രക്കാരെ കാത്തിരിക്കുകയാണ് സിംഗപ്പൂരിലെ ഈ ഐസ്ക്രീം മ്യൂസിയം.