വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പേരുള്ള റോസാച്ചെടി വൈറ്റ് ഹൗസ് ഉദ്യാനത്തിൽ
Friday, August 28, 2020 7:47 PM IST
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പേരുള്ള റോസച്ചെടി വൈറ്റ് ഹൗസ് ഉദ്യാനത്തില്‍. വൈറ്റ് ഹൗസിലെ റോസ് ഗാര്ഡൻ പുനര്രൂപകല്പന ചെയ്തതിനെത്തുടർന്നാണ് ഈ റോസച്ചെടി പൂന്തോട്ടത്തിൽ സ്ഥാനം പിടിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഉദ്യാനം തുറന്നത്. പ്രഥമ വനിത മെലേനിയ ട്രംപിന്റെ മേല്‍നോട്ടത്തിലായിരുന്നു റോസ് ഗാര്‍ഡന്റെ പുനര്‍നിര്‍മാണം നടന്നത്. വെളുത്തനിറത്തിലുള്ള അത്യാകർഷകമായ റോസാ പുഷപമാണിത്. ഇതുകൂടാതെ ജെഎഫ്കെ റോസും പീസ് റോസും പൂന്തോട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഓവല്‍ ഓഫീസിനു പുറത്തായി 1700 ചതുരശ്ര അടിയിലാണ് ഉദ്യാനം പരന്നു കിടക്കുന്നത്. 1913ല്‍ അന്നത്തെ പ്രഥമ വനിത എലന്‍ വില്‍സന്റെ മേല്‍നോട്ടത്തിലാണ് പൂന്തോട്ടം നിര്‍മിച്ചത്. പിന്നീട് 1961ല്‍ പ്രഥമ വനിത ജാക്വലിന് കെന്നഡി പൂന്തോട്ടത്തിന്റെ രൂപകല്നയില് മാറ്റം വരുത്തി.
2006 മുതല്‍ അമേരിക്കന്‍ ഉദ്യാനനിര്‍മാണ വിദഗ്ധനായ കീത് സാറി ജോണ്‍ പോള്‍ രണ്ടാമന് റോസ ചെടി വളര്‍ത്തുന്നുണ്ട്. ഇതിനുശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലും ഇവ നട്ടുപിടിപ്പിച്ചു. വലിയ പൂവാണ് ഇതില്നിന്നുമുണ്ടാകുന്നത്. റോസകളിൽ ഏറ്റവും സൗരഭ്യം പരത്തുന്ന ഇനമാണ് ജോണ്‍ പോള്‍ രണ്ടാമന് റോസ്.