പാലക്കാട് ആനക്കരയിൽ കണ്ടെത്തിയ മഹാശിലായുഗത്തിന്‍റെ അവശേഷിപ്പുകൾ പഠനവിഷയമാക്കുന്നു. ഇവിടെ മണ്ണിനടിയിൽ നിന്നാണ് കഴിഞ്ഞദിവസം ശിലായുഗ ചരിത്ര വസ്തുക്കളും ഗുഹയും കണ്ടെത്തിയത്. കൂടല്ലൂരിൽ കണ്ടെത്തിയ മഹാശിലായുഗ കാലത്തെ ചെങ്കൽഗുഹയും മണ്‍പാത്രങ്ങളടക്കമുള്ളവയുമാണ് പഠനവിധേയമാക്കുന്നത്.

കൂടല്ലൂർ പട്ടിപ്പാറ റോഡിലാണ് ഇവ കണ്ടെത്തിയത്. പറക്കുളം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി മണ്ണുമാന്തി ഉപയോഗിച്ച് ചാലുകീറുമ്പോഴായിരുന്നു പൂർവചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഗുഹയും മറ്റും കണ്ടെത്തിയത്. പണി ആരംഭിച്ചപ്പോൾ തന്നെ പ്രദേശത്തുനിന്ന് ആറ് മണ്‍പാത്രങ്ങൾ നാട്ടുകാർ കണ്ടെത്തിയിരുന്നു.

ഗുഹ കണ്ടതോടെ തൊഴിലാളികൾ പണി നിർത്തിവച്ചു. ഗുഹയ്ക്ക് രണ്ടായിരത്തിലേറെ വർഷം പഴക്കമുണ്ടെന്നും കൂടുതൽ പരിശോധന നടത്തണമെന്നും പട്ടാമ്പി ഗവ സംസ്കൃത കോളജിലെ ചരിത്ര വിഭാഗം തലവൻ പ്രൊഫ. കെ. രാജൻ പറഞ്ഞു.

വിവരമറിഞ്ഞ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുന്നുണ്ട്. നിളയുടെ തീരത്ത് കണ്ടെത്തിയ ഗുഹ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് കരുതുന്നു. അർധഗോളാകൃതിയിലുള്ള ഗുഹയിൽ രണ്ട് അറകളുണ്ട്. ഒരാൾക്ക് ഇരുന്നുപോകാൻ കഴിയുന്ന ഉയരവും ആറടിയോളം നീളവുമാണുള്ളത്.


വർഷങ്ങൾക്കുമുമ്പ് ചരിത്രകാരൻ ഡോ.രാജൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആനക്കര പൊന്നത്താൻ നിരകുന്നിൽ നടന്ന ഗവേഷണത്തിൽ മഹാശിലായുഗത്തിലെ വിവിധ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. ഇവിടെയും വലിയ ചെങ്കല്ല് നിർമ്മിത ഗുഹ കണ്ടെത്തിയിട്ടുണ്ട്.

വർഷങ്ങൾ നീണ്ട ഗവേഷണമാണ് ഇവിടെ നടത്തിയത്. ആദിമ മനുഷ്യർ താമസിച്ചിരുന്ന പ്രദേശമെന്ന നിലയിലാണ് ഇതിനെ വിലയിരുത്തുന്നത്. മഹാശിലായുഗ സംസ്കാരത്തിന്‍റെ ശേഷിപ്പുകളാണ് ചെങ്കൽ ഗുഹകൾ. ഇത്തരത്തിലുള്ള ഗുഹകൾ നേരത്തേ തിരുനാവായക്കു സമീപം കൊടക്കല്ലിൽ കണ്ടെത്തിയിരുന്നു.

കടുപ്പമേറിയ ചെങ്കല്ല് വെട്ടിയുണ്ടാക്കിയ അർധ ഗോളാകൃതിയിലുള്ളതാണ് ഗുഹ. മഹാശിലായുഗ കാലത്ത് മൃതദേഹാവശിഷ്ടങ്ങൾ മറവുചെയ്യാൻ ഉപയോഗിച്ച നന്നങ്ങാടികളാവാമെന്നാണ് കരുതുന്നത്.