കണക്കുപിഴയ്ക്കാതെയൊരു ചിത്രം; ഒമ്പതാംക്ലാസുകാരൻ ഇന്ത്യബുക്ക് ഓഫ് റിക്കാർഡ്സിൽ
Wednesday, April 6, 2022 3:04 PM IST
പത്തടി നീളവും പത്തടി വീതിയിലും ഗണിതരൂപം വരച്ച് ഷാരോണ്‍ ജെ. സതീഷ് ഇന്ത്യബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി. കരിപ്പൂർ ഗവ. ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഷാരോണ്‍ മുപ്പതു ദിവസംകൊണ്ട് വരച്ച ഗണിതരൂപമാണ് ഇന്ത്യബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ഷാരോണ്‍ ഗണിതവരയില്‍ ശ്രദ്ധിച്ചിരുന്നു.
കണക്കളവുകള്‍ തെറ്റാതെയുള്ള വരകള്‍ അന്നേ ശ്രദ്ധ നേടിയിരുന്നു. ചിത്രരചനയിലും ജില്ലാതലമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. സ്കൂളിലെ പരിപാടികളില്‍ സംബന്ധിക്കാന്‍ വരുന്ന വ്യക്തികള്‍ക്ക് ഷാരോണ്‍ വരച്ച ഛായാചിത്രങ്ങള്‍ സമ്മാനിക്കാറുണ്ടായിരുന്നു.
ചിത്രം വരയ്ക്കാനുള്ള ഷാരോണിന്‍റെ കഴിവിനെ മന്ത്രി ജി.ആര്‍. അനില്‍ ഉൾപ്പടെയുള്ളവർ പ്രശംസിച്ചിരുന്നു.ചുള്ളിമാനൂര്‍ മണിയംകോട് എസ്എസ് ഹൗസില്‍ സലോംദാസ് സതീഷ്‍കുമാറിന്‍റെയും ജിഷയുടെയും മകനാണ് ഷാരോണ്‍.അനുജത്തി ഷാനയും ചിത്രകാരിയാണ്.