അരുമയാണ് ഇവര്‍,തൊട്ടുപോകരുത്! മതിലിനു മുകളിൽ കയറിയ കരടിയെ തള്ളിയിട്ട് പെണ്‍കുട്ടി
Thursday, June 3, 2021 5:46 PM IST
കാലിഫോര്‍ണിയയിലെ ബ്രാഡ്ബെറിയിലെ ഹെയ്ലിയും അമ്മ സിറ്റ്ലാലിയും പൂന്തോട്ടത്തില്‍ ചില പണികള്‍ക്കായി ഇറങ്ങിയതായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരം. ഹെയ്ലി അരുമയായി വളര്‍ത്തുന്ന നാല് നായ്ക്കളും ഇവര്‍ക്കൊപ്പം തോട്ടത്തിലുണ്ടായിരുന്നു. അ്മ്മയും മകളും ഓരോ പണികളില്‍ മുഴുകി. നായ്ക്കള്‍ അങ്ങനെ ഓടിപ്പാഞ്ഞു നടന്നു.
പെട്ടന്നാണ് നായ്ക്കള്‍ കുരച്ചുകൊണ്ട് വീടിനു പിന്നിലേക്ക് ഓടിയത്. സംഭവം എന്താണെന്നറിയാന്‍ ഹെയ്ലിയും അമ്മയും വീടിനു പിന്നിലേക്ക് ചെന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. നാട്ടിലിറങ്ങിയ ഒരു അമ്മക്കരടിയും രണ്ട് കുഞ്ഞിക്കരടികളും വീടിനു പിന്നിലെ മതിലില്‍ നില്ക്കുന്നു. ഇവരെ തുരത്താനാണ് നായ്ക്കള്‍ ഓടിയത്. നായ്ക്കളുടെ കുര കേട്ട് കുഞ്ഞിക്കരടികള് മതലില്‍ നിന്നും താഴേക്ക് ചാടിയെങ്കിലും അമ്മക്കരടി ചെറുത്തു നി്ന്നു.
നായ്ക്കളിലെ കുഞ്ഞന്‍ വലന്റീയെ കരടി കടിച്ചു വലിച്ചെടുത്തതും പെട്ടന്നായിരുന്നു. ഇതു കണ്ടതും പതിനേഴുകാരിയായ ഹെയ്ലിക്കു സഹിച്ചില്ല. മറ്റൊന്നും ആലോചിക്കാതെ ഹെയ്ലി കരടിയെ മതില് നിന്നും തള്ളി താഴെയിട്ടു. പെട്ടന്നുള്ള ആക്രമണത്തില്‍ നിലതെറ്റി കരടി പിന്നോട്ടു വീണു.
ഈ സമയം ഹെയ്ലിയും അമ്മയും നായ്ക്കളെയും വാരിയെടുത്ത് ഓടി രക്ഷപ്പെട്ടു.വീടിനു സമീപം സ്ഥാപിച്ച സിസിടിവിയിലെ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.