ആറു ഭൂഖണ്ഡങ്ങളിലെ ആറു കൊടുമുടികൾ കാൽകീഴിലാക്കി 18 വയസുകാരി പൂർണ
Wednesday, January 1, 2020 10:47 AM IST
ആറു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കയറിയ ഏറ്റവും പ്രായം കുറഞ്ഞ ആദിവാസി വനിതയെന്ന നേട്ടത്തിൽ ഹൈദരാബാദുകാരി മാളവത്ത് പൂർണ. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ മാസിഫ് കൊടുമുടി (4987 മീറ്റർ) കീഴടക്കിയതോടെയാണ് റിക്കാർഡ് സ്വന്തമാക്കിയത്. ഡിസംബർ 26നാണ് വിൻസൻ മാസിഫിന്റെ നെറുകയിൽ 18 വയസുകാരിയായ പൂർണ എത്തിയത്.
2014ൽ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന ബഹുമതി ബഹുമതിയും പൂർണയ്ക്കു ലഭിച്ചിരുന്നു. 13 വർഷവും 11 മാസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു പൂർണ എവറസ്റ്റിന്റെ നെറുകയിൽ എത്തിയത്. കിളിമഞ്ചാരോ (ആഫ്രിക്ക, 2016), മൗണ്ട് എൽബ്രസ് (യൂറോപ്പ്, 2017), മൗണ്ട് അകോൻകാഗ്വ (തെക്കേ അമേരിക്ക 2019), ഓഷ്യാന മേഖലയിലെ മൗണ്ട് കാർട്സ്നെസ് (2019) എന്നിവയും പൂർണ കാൽകീഴാക്കി.
തെലുങ്കാനയിലെ നിസാമാബാദ് ജില്ലക്കാരിയാണ് പൂർണ. കര്‍ഷക തൊഴിലാളികളായ ദേവ്ദാസിന്റെയും ലക്ഷ്മിയുടെയും മകളാണ് പൂര്‍ണ. ഗ്ലോബൽ എക്സ്ചേഞ്ച് പ്രോഗ്രാം വഴി തെരഞ്ഞെടുക്കപ്പെട്ട് യുഎസിലെ മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തുകയാണു പൂർണ.
തെലുങ്കാന സർക്കാരിന്റെയും പൊതുജനങ്ങളുടെയും സാമ്പത്തിക സഹായമാണ് പൂർണയുടെ കുതിപ്പിന് പിൻബലമാകുന്നത്.