ഒരുവര്‍ഷം കൊണ്ട് 777 സിനിമകള്‍; വല്ലാത്ത സിനിമാ ഭ്രാന്ത് തന്നെ
സിനിമ ഏറ്റവും ജനകീയമായ ഒരു വിനോദമാണ്. ഭാഷകളും രാജ്യങ്ങളുമൊക്കെ കടന്ന് അവ ആരാധകരെ സൃഷ്ടിക്കുന്ന കാലമാണല്ലൊ ഇത്. ഒടിടിയുടെ വരവ് ഈ മേഖലയില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

എന്നിരുന്നാലും തീയറ്ററില്‍ ഇരുന്നു കാണുന്ന ആസ്വാദ്യത മറ്റെങ്ങും ലഭിക്കില്ല എന്നതാണ് വാസ്തവം. ചിലര്‍ തീയറ്ററില്‍ ഇറങ്ങുന്ന എല്ലാ പടവും ആദ്യ ഷോയില്‍തന്നെ പോയിക്കാണും. അത്തരക്കാരെ "സിനിമാ ഭ്രാന്തന്‍മാര്‍' എന്നൊക്കെ നാട്ടുകാര്‍ കളിയാക്കാറുണ്ട്.

എന്നാല്‍ ഈ ശീലം ഒരു റിക്കാര്‍ഡാക്കി മാറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലുള്ള ഒരു യുവാവ്. പെന്‍സില്‍വാനിയയിലുള്ള സാച്ച് സ്വോപ്പ് എന്ന യുവാവാണ് ഈ റിക്കാര്‍ഡ് തീര്‍ത്തത്.

ഇദ്ദേഹം 2022 ജൂലൈ മുതല്‍ 2023 ജൂലൈ വരെ 777 സിനിമകള്‍ കണ്ടു. 2018ല്‍ ഫ്രാന്‍സിന്‍റെ വിന്‍സെന്‍റ് ക്രോണിന്‍റെ 715 എണ്ണം ആയിരുന്നു ഇതിന് മുമ്പത്തെ റിക്കാര്‍ഡ്.

ഈ റിക്കാര്‍ഡ് നേട്ടം അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം സിനിമകളും പൂര്‍ണമായും കാണണം. അതുപോലെ ആ സമയം മറ്റൊരു കാര്യം ചെയ്യുവാന്‍ പറ്റില്ല. സിനിമ കാഴ്ചയ്ക്കിടെ ഒന്ന് മയങ്ങുകയൊ ഫോണ്‍ എടുക്കുകയോ ചെയ്താല്‍ റിക്കാര്‍ഡ് ലഭിക്കില്ല.

ഈ നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഓരോ സ്‌ക്രീനിംഗിലും സിനിമാ ജീവനക്കാര്‍ സ്വോപ്പിനെ നിരീക്ഷിച്ചു. ഏറെ ശ്രദ്ധേയമായ കാര്യം ഈ റിക്കാര്‍ഡ് നേട്ടത്തിന് ഇടയിലും ഇദ്ദേഹം തന്‍റെ ജോലി മുടക്കിയിരുന്നില്ല എന്നതാണ്.

അത് ആഴ്ചയില്‍ അഞ്ചുദിവസം രാവിലെ 6.45 മുതല്‍ ഉച്ചയ്ക്ക് 2.45 വരെ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ശേഷം ദിവസവും മൂന്നു സിനികള്‍ കണ്ടു. ഏകദേശം 17 സിനിമകള്‍ ഇദ്ദേഹം ഒരാഴ്ച കണ്ടിരുന്നത്രെ.

എന്തായാലും ഈ വേറിട്ട നേട്ടം സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധിപേര്‍ ഇദ്ദേഹത്തെ അഭിനന്ദിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.