വളര്‍ത്തുമൃഗങ്ങള്‍ മിക്കവര്‍ക്കും പ്രിയപ്പെട്ടതാണല്ലൊ. അവ മുട്ടിയുരുമ്മിയും തുള്ളിച്ചാടിയും നമുക്കരികിലെത്തുമ്പോള്‍ മനസിനും സന്തോഷം. സോഷ്യല്‍ മീഡിയയുടെ വരവോടെ പലരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അരുണ്‍ ഗൗഡ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ദൃശ്യങ്ങളില്‍ ഒരു യുവാവ് ബൈക്കില്‍ സഞ്ചരിക്കുകയാണ്. ഇയാളുടെ ബാഗിലും ബൈക്കിന്‍റെ മുന്നിലുമായി രണ്ട് പൂച്ചകള്‍ ഇരിക്കുന്നു. ബംഗളൂരില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ആ വഴി യാത്ര ചെയ്ത മറ്റൊരാളാണ് ഈ വീഡിയോ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ വൈറലായതോടെ പലരും കമന്‍റുമായി രംഗത്തെത്തി. ചിലരുടേത് അനൂകൂല അഭിപ്രായമായപ്പോള്‍ നിരവധിപേര്‍ ഈ സാഹസികതയെ വിമര്‍ശിച്ചു. "ചില ആളുകള്‍ക്ക് മൃഗങ്ങളെ വളര്‍ത്താന്‍ അര്‍ഹതയില്ല' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.