അമല്‍ എന്ന ഭാരതീയന്‍; ദേശീയ പതാകയെ നെഞ്ചോട് ചേര്‍ത്ത പോലീസുകാരനെക്കുറിച്ച്
Wednesday, July 13, 2022 4:43 PM IST
ഇന്ത്യയെന്ന നമ്മുടെ രാജ്യവും അതിന്‍റെ സ്വാതന്ത്ര്യ സമരചരിത്രവും ചെറുപ്രായം മുതല്‍ പഠിച്ചവരാണ് നമ്മള്‍. എത്രയൊ മഹത്തുക്കള്‍ തങ്ങളുടെ ജീവന്‍ നല്‍കി നേടിയ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍.

എന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടടുക്കുമ്പോള്‍ നമ്മുടെ രാജ്യ സ്നേഹത്തെക്കുറിച്ച് സ്വയം ഒന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.

രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ക്കുമ്പോഴും ഇപ്പോള്‍ ദേശീയ പതാക മാലന്യക്കൂമ്പാരത്തില്‍ വലിച്ചെറിയുമ്പോഴും നാം പാലിക്കുന്നത് നിരാശയുളവാക്കുന്ന നിശബ്ദതയാണ്. ഇവിടെയാണ് ഈ കാലഘട്ടത്തില്‍ അമല്‍ ടി. കെ യെ പോലുള്ളവരുടെ പ്രാധാന്യം.

കഴിഞ്ഞ ദിവസം കൊച്ചി ഇരുമ്പനത്തിന് സമീപം കടത്തു കടവില്‍ റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. എന്നാല്‍ അവിടെ എത്തിയ പോലീസുകാരില്‍ ഒരാളായ അമല്‍ പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയ ഉടനെ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. മാത്രമല്ല ഒരു നിമിഷം പോലും വൈകാതെ മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കെെയ്യിലെടുത്തു.

ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ വാര്‍ഡ് കൗണ്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട് ദേശീയ പതാക എടുത്താല്‍ മതിയെന്ന് അമലിനോട് പറഞ്ഞു. എന്നാല്‍ വേറൊരാള്‍ വരുന്നത് വരെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയല്ലെന്നാണ് അമല്‍ വികാരധീനനായി മറുപടി നല്‍കിയത്.

ഏതായാലും മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് അമല്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ശേഷം തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമല്‍ ടി. കെ യെ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയടക്കം നിരവധി പേര്‍ അനുമോദിച്ച് രംഗത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.