സൗരയൂഥത്തിനു പുറത്തു ജലസാന്നിധ്യം കണ്ടെത്തി; കെ2-18ബി 110 പ്രകാശവർഷം അകലെ
Thursday, September 12, 2019 1:22 PM IST
സൗരയൂഥത്തിനു പുറത്തു ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണു ജലസാന്നിധ്യമുള്ളതായി ഗവേഷകർ കണ്ടെത്തിയത്. ഭൂമിയുടെ എട്ടു മടങ്ങു ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ള ഗ്രഹമാണ് കെ2-18ബി. ഭൂമിയിൽനിന്ന് 110 പ്രകാശവർഷം അകലെയുള്ള ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്.
ഭൂമിയെ പോലെ തന്നെ ജീവിക്കാൻ സഹായിക്കുന്ന താപനില കെ2-18ബി ഗ്രഹത്തിലുണ്ടെന്നും ഇവിടെ വെള്ളത്തിനു ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും നാച്ചർ ആസ്ട്രോണമി എന്ന ജ്യോതിശാസ്ത്ര ജേർണലിൽ ജിയോവാന ടിനെറ്റി എഴുതിയ ലേഖനത്തിൽ പറയുന്നു.
ഇതുവരെ കണ്ടെത്തിയ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളിൽ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 2015-ൽ നാസ കണ്ടെത്തിയ സൂപ്പർ എർത്ത് എന്നു വിളിക്കപ്പെടുന്ന നൂറുകണക്കിനു ഗ്രഹങ്ങളിലൊന്നാണ് കെ-218ബി. കെപ്ലർ ബഹിരാകാശ പേടകമാണ് ഈ ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.