കോവിഡ് വില്ലനായി... വരനില്ലാതെ വധുവിന് താലികെട്ട്
Thursday, January 21, 2021 4:52 PM IST
വരനില്ലാതെ വധുവിന് താലികെട്ട്... കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി-സുദര്ശനന് ദമ്പതികളുടെ മകള്‍ സൗമ്യ, ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ രാധാമണി-സുധാകരന് ദമ്പതികളുടെ മകന് സുജിത്ത് എന്നിവര്‍ തമ്മിലുള്ള വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്.
വരന്റെ അകന്ന ബന്ധത്തിലുള്ള സഹാദരിയാണ് വധുവിന് ഹാരം ചാര്‍ത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാൽ ബന്ധുക്കൾ വിവാഹ തീയതി മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വരന്റെ അസാന്നിധ്യത്തിൽ കല്യാണം നടത്താന്‍ തീരുമാനിച്ചു.
മുട്ടക്കുളം ക്ഷേത്രത്തില്‍ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. വിവാഹ ശേഷം മാവേലിക്കരയിലെ ക്വാറന്റൈൻ സെന്ററില്‍ നിന്ന് വീഡിയോ കോള്‍ വഴി വധുവിന് വരന് സുജിത്തിന്റെ മംഗളാശംസകളുമെത്തി. സുജിത്തിന്റെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.