കുറുക്കനെ ചുമലിലേറ്റി യുവതിയുടെ ട്രെയിൻ യാത്ര; അമ്പരന്ന് സഹയാത്രികർ
Tuesday, November 20, 2018 12:42 PM IST
യാത്രക്കിടയിൽ അസാധാരണമായ നിരവധി ദൃശ്യങ്ങൾ നമ്മളുടെ കണ്ണിലുടക്കാറുണ്ട്. അതിൽ ചില കാഴ്ചകൾ കണ്ട് കണ്ണ് തള്ളുക വരെ ചെയ്യും. അത്തരമൊരു അസാധാരണമായ കാഴ്ചയിലാണ് ഇന്ന് സോഷ്യൽമീഡിയയുടെ കണ്ണെത്തി നിൽക്കുന്നത്.
റഷ്യയിലെ മോസ്കോയിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന ഒരു യുവതി തന്റെ തോളിൽ കുറുക്കനെ ചുമന്ന് നിൽക്കുന്ന കാഴ്ചയായിരുന്നു ഇത്.
മുഖത്ത് യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ നിന്ന ഇവർ മറ്റ് യാത്രക്കാരെ പോലെ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിലെ മറ്റ് യാത്രികരുടെ കണ്ണുകൾ ഈ യുവതിയിലും ഇവരുടെ ചുമലിൽ ഇരിക്കുന്ന വളർത്തുകുറുക്കനിലുമായിരുന്നു.
ട്രെയിൻ എത്തുമ്പോൾ ഇരുവരും അതിനുള്ളിലേക്ക് കയറിപ്പോകുന്നിടത്ത് വീഡിയോ ദൃശ്യങ്ങൾ അവസാനിക്കുകയാണ്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.