"പ്രിയപ്പെട്ട ആന്‍ ആന്‍...’; ലോകത്തെ ഏറ്റവും പ്രായമുള്ള പാണ്ട ചത്തു; ദുഃഖം പങ്കുവച്ച് സമൂഹ മാധ്യമങ്ങള്‍
Thursday, July 21, 2022 12:40 PM IST
ലോകത്ത് മൃഗശാലകളില്‍ പാര്‍ക്കുന്ന ആണ് പാണ്ടകളില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ പാണ്ട ചത്തു. 35-ാം വയസിലാണ് ആന്‍ ആന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പാണ്ട വിട പറഞ്ഞത്. മനുഷ്യരുടെ ആയുസുമായി താരതമ്യം ചെയ്താല്‍ ഏകദേശം 105 വയസാണിത്.
1999ല്‍ ചൈന ഹോങ്കോംഗിന് രണ്ട് പാണ്ടകളെ സമ്മാനിച്ചിരുന്നു. ജിയാ ജിയാ എന്ന് പേരിട്ടിരുന്ന ഒരു പെണ് പാണ്ടയേയും ആന്‍ ആനിനെയുമാണ് അന്ന് സമ്മാനിച്ചത്. ഇരുവരും ഹോംങ്കോംഗിലുള്ള ഓഷ്യന്‍ പാര്‍ക്കിലായിരുന്നു കൂടുതല്‍ കാലം ജീവിച്ചത്.
എന്നാല്‍ 2016ല്‍ തന്റെ 38-ാം വയസില്‍ ജിയാ ജിയാ ചത്തു പോയിരുന്നു. മൃഗശാലകളില്‍ പാര്‍ക്കുന്ന പെണ്പാണ്ടകളില് ഏറ്റവും കാലം ജീവിച്ചിരുന്ന പാണ്ട എന്ന റിക്കാര്‍ഡ് ജിയായുടെ പേരിലാണ്.
മൃഗശാലയില്‍ എത്തുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ആന്‍ ആന്‍. ആനിന്റെ ജന്മ ദിനം സമൂഹ മാധ്യമങ്ങളും ആഘോഷമാക്കാറുണ്ടായിരുന്നു. "അവന്റെ കുസൃതികള്‍ ഇനിയില്ല' എന്നാണ് മരണവാര്‍ത്ത പുറത്തുവിട്ട ഓഷ്യന്‍ പാര്‍ക്ക് കോര്പറേഷന് ചെയര്മാന് പൗലോ പോംഗ് പറഞ്ഞത്.
ആന്‍ ആനിന്റെ മരണം സമൂഹ മാധ്യമങ്ങളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യമായ പ്രശ്നങ്ങളാല്‍ കഴിഞ്ഞ കുറേ നാളുകളായി ആന്‍ കട്ടിയാഹാരങ്ങള്‍ കഴിക്കുന്നില്ലായിരുന്നു. കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദവും ആനിനുണ്ടായിരുന്നു.