"സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി’: ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി
മമ്മികള്‍ എന്നു കേള്‍ക്കുമ്പോഴെ ഈജിപ്തിലെ ശവകുടീരങ്ങളും അതിലെ എംബാം ചെയ്യപ്പെട്ട വ്യക്തികളുമായിരിക്കാം പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന കാണുന്നതും എന്തിനേറെ ചിത്രീകരിക്കുന്നതും മറ്റൊരു മമ്മിയെ ആണ്.

ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്. കാഴ്ചക്കാരുടെ മനസിനെ തൊടുന്ന ഈ സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി ഉറങ്ങുന്ന സുന്ദരി എന്നും അറിയപ്പെടുന്നുണ്ട്.

ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം വയസില്‍ മമ്മി ചെയ്യപ്പെട്ട വടക്കന്‍ സിസിലിയയിലെ റൊസാലിയ ലോംബാര്‍ഡോയെ കാണാന്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരാണെത്തുന്നത്.

1918 ഡിസംബര്‍ 13ന് ജനിച്ച റൊസാലിയ 1920 ഡിസംബര്‍ ആറിന് തന്‍റെ രണ്ടാം വയസെത്തുന്നതിന് ഏതാനും ദിവസം മുമ്പാണ് മരിച്ചത്. സ്പാനിഷ് ഫ്ളൂ നിമിത്തമുണ്ടായ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ മൃതദേഹം ഇപ്പോള്‍ വടക്കന്‍ സിസിലിയിലെ പലേര്‍മോയിലെ കപ്പൂച്ചിന്‍ ഭൂഗർഭ കല്ലറയിൽ സംരക്ഷിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാരിസ്ഥിതിക ഘടകങ്ങളില്‍ നിന്ന് ശരീരത്തിന്‍റെ തകര്‍ച്ച തടയാന്‍ നൈട്രജന്‍ നിറച്ച ഒരു ഗ്ലാസ് കെയ്സിനുള്ളിലാണ് റോസാലിയയുടെ ശരീരം കിടക്കുന്നത്.

ഒരു നൂറ്റാണ്ടിന് ശേഷവും റോസാലിയയുടെ ശരീരം വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ കപ്പൂച്ചിന്‍ ഭൂഗർഭ കല്ലറ വിനോദസഞ്ചാരികളുടെ ആകര്‍ഷണമായി മാറിയിരിക്കയാണ്. ഇവിടെ 8,000 മമ്മികളുണ്ട്. എന്നാല്‍ റൊസാലിയയുടേത് പോലെ ആരും സംരക്ഷിക്കപ്പെടുന്നില്ല.

വര്‍ഷങ്ങളായി റൊസാലിയയെ ചുറ്റിപ്പറ്റി നിരവധി കിംവദന്തികള്‍ കേള്‍ക്കാറുണ്ട്. സംരക്ഷിത ഗ്ലാസ് ശവപ്പെട്ടിയ്ക്കുള്ളില്‍ അവളുടെ സുന്ദരമായ മുടിയും ചര്‍മവും ഇപ്പോഴും കേടുകൂടാതെയിരിക്കുന്നത് എങ്ങനെയെന്ന് ആര്‍ക്കും അറിയില്ല.

ചില വിനോദസഞ്ചാരികള്‍ റൊസാലിയ തങ്ങളെ നോക്കി കണ്ണിറുക്കിയതായി അവകാശപ്പെടുന്നു. എന്നാല്‍ ഇത് വെളിച്ചത്തിന്‍റെ ഒരു തന്ത്രമാണെന്ന് വിദഗ്ധര്‍ പറയുന്നു. ചിലര്‍ മൃതദേഹം വ്യാജ മെഴുക് പകര്‍പ്പാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെിത്തിയിരുന്നു.

എന്നാല്‍ ഒരു ഹിസ്റ്ററി ചാനല്‍ ഡോക്യുമെന്‍ററിക്കായി ശരീരത്തില്‍ നടത്തിയ വിവിധ പരിശോധനകളിലൂടെ അത്തരം വാദങ്ങളെ എല്ലാം പൊളിച്ചെഴുതി. 100 വര്‍ഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുകൂടാതെയിരിക്കുന്നതായി സ്കാനിംഗും എക്സ്റേയും സ്ഥിരീകരിച്ചു. അവളുടെ മസ്തിഷ്കം മാത്രം അതിന്‍റെ ശരിയായ വലുപ്പത്തില്‍ നിന്ന് 50 ശതമാനം ചുരുങ്ങി.

2009ല്‍ പിയോംബിനോ-മസ്കലി കണ്ടെത്തിയ ഒരു കൈയെഴുത്തുപ്രതിയില്‍ അവളുടെ എംബാമിംഗ് പ്രക്രിയയുടെ വസ്തുതകള്‍ ചേര്‍ത്തിട്ടുണ്ട്. സിസിലിയന്‍ ടാക്സിഡെര്‍മിസ്റ്റും എംബാമറുമായ ആല്‍ഫ്രെഡോ സലാഫിയയാണ് ഈ രണ്ടു വയസുകാരിയെ മമ്മിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.