പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന്
Thursday, October 7, 2021 6:30 PM IST
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാലും മകൾ ആര്യ രാജഗോപാലും. ഐഒസി പെട്രോൾ പന്പ് ജീവനക്കാന്റെ മകൾ ഐഐടി കാൺപൂരിൽപെട്രോ കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നുവെന്ന കാര്യമാണ് കേന്ദ്ര പെട്രോളിയം മന്ത്രി പങ്കുവച്ചത്.
അച്ഛനും മകളും പെട്രോൾ പന്പിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. അച്ഛനും മകളും പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണെന്നായിരുന്നു ഹർദീപ് സിംഗ് പൂരിയുടെ ട്വീറ്റ്. അഞ്ചു ലക്ഷത്തിലേറെ പേരാണ് ട്വീറ്റ് കണ്ട് പ്രതികരിച്ചത്.
20 വർഷമായി പയ്യന്നൂർ ടൗണിലെ ഐഒസി പമ്പിലെ ജീവനക്കാരനാണ് അന്നൂർ ശാന്തിഗ്രാം വാർഡിലെ എസ് രാജഗോപാൽ. 2005ലാണ് പന്പിലെ ജോലിക്ക് കയറുന്നത്. ഐഒസിയുടെ റീജണൽ മാനേജരാണ് ഇരുവരുടെയും ചിത്രം വാങ്ങിയത്. പിന്നീട് ഈ ചിത്രവും ഇരുവരുടെയും കഥയും ഐഒസി ഡിലർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
എസ്എസ്എൽസിക്ക് നൂറുശതമാനവും പ്ലസ്ടുവിന് 98 ശതമാനവും മാർക്ക് നേടിയാണ് ആര്യ എൻഐടി കാലിക്കറ്റിൽ പെട്രോ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെകിന് ചേർന്നത്. ഇപ്പോൾ ഐഐടി കാൺപൂരിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ആര്യ. ബജാജ് മോട്ടോർസിലെ ജീവനക്കാരി കെ കെ ശോഭനയാണ് ആര്യയുടെ അമ്മ.