പൗലോ കൊയ്ലോ അറിയാൻ, ആ ഓട്ടോ താങ്കളുടെ കടുത്ത ആരാധകന്റേതാണ്
Monday, September 6, 2021 6:34 AM IST
ബ്രസീൽ എഴുത്തുകാരനായ പൗലോ കൊയ്ലോ ട്വിറ്ററിൽ പങ്കുവച്ച ഓട്ടോയുടെ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായത്. എറണാകുളം നോർത്ത് പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോറിക്ഷയിലാണ് പൗലോ കൊയ്ലോ എന്ന് ഇംഗ്ലീഷിലും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലും എഴുതിയിരിക്കുന്നത്. എറണാകുളം സ്വദേശിയായ കെ.എ പ്രദീപിന്റെ ഓട്ടോയുടെ ചിത്രമാണിത്. 25 വർഷമായി പ്രദീപ് എറണാകുളത്ത് ഓട്ടോ ഓടിക്കുകയാണ്.
പൗലോ കൊയ്ലോയുടെ കടുത്ത ആരാധകനാണ് പ്രദീപ്. ഇതോടെയാണ് ഓട്ടോയ്ക്ക് ഇങ്ങനെ പേരിട്ടത്. 10 വർഷം മുൻപാണ് പ്രദീപ് തന്റെ ഓട്ടോയ്ക്ക് ആൽക്കെമിസ്റ്റ് എന്ന് പേരിടുന്നത്. പുസ്തകവായന പൂർത്തിയാക്കാൻ ഓട്ടോ ഓടിക്കുന്നതിൽ നിന്ന് അവധി എടുക്കാറുണ്ടെന്നും പ്രദീപ് പറയുന്നു.
പൗലോ കൊയ്ലോയുടെ പുസ്തകങ്ങളുടെ മലയാളം വിവർത്തനങ്ങളാണ് പ്രദീവ് വായിക്കുന്നത്. പൗലോ കൊയ്ലോയെ നേരിട്ടു കാണണമെന്നതാണ് തന്റെ ആഗ്രഹമെന്നും പ്രദീപ് വെളിപ്പെടുത്തുന്നു. നേരത്തെ ആലുവയിൽ ആൽക്കെമിസറ്റ് ഉൾപ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയിൽ തീർത്ത ബുക്ക്സ്റ്റാളിന്റെ ചിത്രവും പൗലോ കൊയ്ലോ ഷെയർ ചെയ്തിരുന്നു.
ലോകത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്ലോയുടെ ഏറ്റവും വലിയ ഹിറ്റ് പുസ്തകമാണ് ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി 1988ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.