"ദൈവത്തിന്റെ കൈ'; ലോക മാധ്യമങ്ങളിലും താരമായി ബാബുരാജ്
Friday, March 19, 2021 11:07 PM IST
കെട്ടിടത്തിൽ നിന്ന് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തിയ ബാബുരാജിനെ അഭിനന്ദിച്ച് ലോക മാധ്യമങ്ങളും. ബ്രിട്ടീഷ് ദിനപത്രമായ ഡെയ്ലി മെയിൽ അടക്കമുള്ള മാധ്യമങ്ങൾ ബാബുരാജിന്റെ അവസരോചിതമായ ഇടപെടലിനെ അഭിനന്ദിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിന്നു വീണ ബിനു നിലയത്തിൽ ബിനുവിനെയാണ് സമീപത്തു നിൽക്കുകയായിരുന്ന തയ്യിൽ മീത്തൽ ബാബുരാജ് രക്ഷിച്ചത്. തലകറങ്ങി വീണ ബിനുവിനെ കാലിൽ പിടിച്ചാണ് രക്ഷപ്പെടുത്തിത്.
വ്യാഴാഴ്ച വടകര കേരള ബാങ്കിന്റെ പുറത്തായിരുന്നു സംഭവം. തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കിൽ എത്തിയത്. പുറകിലേക്ക് മറിഞ്ഞുവീണ ബിനുവിന്റെ കാലിന്മേൽ പിടിത്തം കിട്ടിയ ബാബുരാജ് കൈവരിയോട് കാൽ ചേർത്തു പിടിച്ച് നിന്നു.
തുടർന്നു ബാങ്കിൽ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയർത്തി വരാന്തയിൽ എത്തിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ബിനു പിന്നീട് വീട്ടിലേക്ക് മടങ്ങി. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.