കോവിഡ് ബാധിച്ച വിദ്യാർഥിയുമായി പരീക്ഷ ഹാളിലേക്ക്; യുവാക്കൾക്ക് അഭിനന്ദനപ്രവാഹം
Tuesday, April 20, 2021 8:42 PM IST
കോവിഡ് ബാധിച്ച വിദ്യാർഥിയെ എസ്എസ്എൽസി പരീക്ഷ എഴുതാൻ സ്കൂളിലെത്തിച്ച യുവാക്കൾക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനപ്രവാഹം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി പാലമാറ്റത്തുള്ള വിദ്യാർഥിക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്കൂളിൽ എത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദേഹത്തിന് കോവിഡ് പോസിറ്റീവായി.
അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും ആരും തയാറായില്ല. ചിലർ വലിയ പ്രതിഫലം ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരായ സുമിത്തും ശ്രീലാലും കുട്ടിയെ സ്കൂളിൽ എത്തിക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു.
കുട്ടിയെ കുറുന്പനാടത്തുള്ള സ്കൂളിൽ പരീക്ഷ എഴുതാനെത്തിക്കുകയും പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. വിദ്യാർഥിയുമായി കാറിൽ പോകുന്ന യുവാക്കളുടെ ചിത്രം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.